'താങ്കൾ രാത്രി ഉറങ്ങാറുണ്ടോ'?; സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തി ട്രംപ്; മറുപടി പുഞ്ചിരി

റിയാദ്: ലോകത്തെ പ്രധാന ബിസിനസ് കേന്ദ്രമാക്കി റിയാദിനെ മാറ്റിയതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ ഉന്നത ബിസിനസുകാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. വിമര്‍ശനങ്ങളെ മറികടന്ന് സൗദിയെ ശക്തമായ ബിസിനസ് കേന്ദ്രമാക്കി വളര്‍ത്തിയതില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രശംസിക്കവെ അദ്ദേഹത്തോട് താങ്കള്‍ രാത്രി ഉറങ്ങാറുണ്ടോ എന്നും ട്രംപ് ചോദിച്ചു.
''മുഹമ്മദ്, നിങ്ങള്‍ രാത്രിയില്‍ ഉറങ്ങാറുണ്ടോ? നിങ്ങള്‍ എങ്ങനെയാണ് ഉറങ്ങുന്നത്? എന്തൊരു ജോലിയാണ് നിങ്ങളുടേത്. ഇത്രയധികം ജോലിഭാരത്തിനിടയില്‍ എങ്ങനെ ഉറങ്ങുന്നു. അദ്ദേഹം നമ്മളില്‍ പലരേയും പോലെ രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നവര്‍ക്ക് ഒരിക്കലും വാഗ്ദാനംചെയ്ത വികസനത്തിലേക്ക് ജനത്തെ എത്തിക്കാന്‍ സാധിക്കില്ല'', ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ പ്രശംസയ്ക്ക് ഒരു ചെറു പുഞ്ചിരിയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ മറുപടി. എന്നാല്‍, സദസ് നിറഞ്ഞ കൈയടിയോടെയാണ് ട്രംപിന്റെ വാക്കുകളെ സ്വീകരിച്ചത്.
സൗദിക്ക് ഇത്തരത്തിലുള്ള ഒരു വളര്‍ച്ച സാധ്യമാണോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ എട്ട് വര്‍ഷമായിട്ടുള്ള ഇവിടത്തെ വളര്‍ച്ചയെന്നും ട്രംപ് പറഞ്ഞു. തനിക്ക് മുഹമ്മദ് ബിന്‍ സല്‍മാനെ ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ബിന്‍ സല്‍മാന്റെയും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെയും അഭ്യര്‍ഥനപ്രകാരം സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ നീക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
Content Highlights: President Trump lauded Saudi Crown Prince Mohammed bin Salman`s leadership