കാനഡയ്‌ക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഉത്തരവ് ഉടൻ നടപ്പാക്കില്ല

ഡൊണാൾഡ് ട്രംപ്, ജസ്റ്റിൻ ട്രൂഡോ | Photos: Agence France-Presse
ഡൊണാൾഡ് ട്രംപ്, ജസ്റ്റിൻ ട്രൂഡോ | Photos: Agence France-Presse

വാഷിങ്ടൺ: കാനഡയ്‌ക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഉത്തരവ് നടപ്പാക്കുന്നത് വൈകും. ഒരുമാസത്തേക്ക് ഉത്തരവ് നടപ്പാക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയിലെ സുരക്ഷ വർധിപ്പിക്കുമെന്ന് ട്രൂഡോയും അറിയിച്ചിട്ടുണ്ട്. 

മെക്സിക്കോയ്ക്ക് ഏർപ്പെടുത്തിയ 25 ശതമാനം ഇറക്കുമതിത്തീരുവ പ്രാബല്യത്തിലാക്കുന്നതും ട്രംപ് ഒരുമാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമും ട്രംപും തമ്മിൽ തിങ്കളാഴ്ചനടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണിത്. യു.എസിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ 10,000 സൈനികരെയിറക്കാമെന്ന് ക്ലോഡിയ സമ്മതിച്ചു. മെക്സിക്കോയിലേക്ക് യു.എസിൽനിന്ന് തോക്കുകടത്തുന്നതുതടയാൻ നടപടിയെടുക്കാമെന്ന് ട്രംപ് ഉറപ്പുനൽകിയെന്ന് അവർ പറഞ്ഞു. ഒരുമാസത്തിനിടെ ചർച്ചനടത്തി ഉഭയകക്ഷിക്കരാറിലെത്താനാണ് ഇരുരാജ്യത്തിന്റെയും ശ്രമം.

ഇറക്കുമതിത്തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നടപടിക്ക് മറുപടിയായി പുതിയ ഇറക്കുമതിത്തീരുവ ചുമത്തുന്ന യു.എസ്. ഉത്പന്നങ്ങളുടെ പട്ടിക കാനഡ അടുത്തിടെ പുറത്തുവിട്ടിരുന്നു. കനേഡിയൻ ധനമന്ത്രി ഡൊമിനിക് ലേബ്ലാങ്കാണ് ഞായറാഴ്ച 3000 കോടി കനേഡിയൻ ഡോളർ (1.8 ലക്ഷം കോടി രൂപ) മൂല്യംവരുന്ന യു.എസ്. ഉത്പന്നങ്ങളുടെ പട്ടിക പുറത്തുവിട്ടത്.യു.എസ്. നിർമിത മദ്യം, വീട്ടാവശ്യത്തിനുള്ള യന്ത്രങ്ങൾ, ഉപകരണങ്ങൾ, തോക്ക്, പാലുത്പന്നങ്ങൾ, പഴം, പച്ചക്കറി, വസ്ത്രം തുടങ്ങിയവയാണ് അതിലുള്ളത്. 

അനധികൃതകുടിയേറ്റം, മയക്കുമരുന്നുകടത്ത് എന്നിവ തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ശനിയാഴ്ചയാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടത്. 10 ശതമാനം അധികത്തീരുവ ചൈനയ്ക്കും ഏർപ്പെടുത്തിയിരുന്നു. പിന്നാലെ യു.എസ്. ഉത്പന്നങ്ങൾക്ക് 25 ശതമാനം നികുതിചുമത്തുമെന്ന് കാനഡ പ്രഖ്യാപിക്കുകയായിരുന്നു.
 

Content Highlights: Trump Pauses Tariffs On Canada For 30 Days