യുദ്ധം പുനരാരംഭിക്കണമെന്ന് നെതന്യാഹു, വിസമ്മതിച്ച് ട്രംപ്; കടുത്ത വാക്കേറ്റമുണ്ടായെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഇസ്രയേൽ

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു | Photo: AP
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു | Photo: AP

വാഷിങ്‌ടൺ: ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതിനെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിലൂടെ രൂക്ഷമായ തർക്കമുണ്ടായതായി റിപ്പോർട്ട്. ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമാണ് ഉണ്ടായതെന്ന് ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ 'വൈനെറ്റ് ന്യൂസ്' വെളിപ്പെടുത്തി. എന്നാൽ, ഈ അവകാശവാദം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.

ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ വാക്കേറ്റവും തർക്കവും ഉണ്ടായില്ലെന്നും വാർത്ത പൂർണമായും വ്യാജവും വിഡ്ഢിത്തവുമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ, ഇത്തരമൊരു സംഭാഷണം നടന്നിരുന്നുവെന്ന് സ്ഥിരീകരിച്ച മറ്റൊരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ, അത് അത്ര രൂക്ഷമായ ഒന്നായിരുന്നില്ലെന്നും വ്യക്തമാക്കി.

ഇതിനിടെ, ഇസ്രയേൽ പാർലമെന്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ നെതന്യാഹു നടത്തിയ പ്രസംഗം ഇറാൻ വിഷയത്തിൽ യു.എസുമായും ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലുമുള്ള ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ഇറാൻ തങ്ങളുടെ ആണവശേഷി വീണ്ടെടുക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് വ്യക്തമാക്കിയ നെതന്യാഹു, അയാത്തൊള്ളമാരുടെ ഭരണം താഴെയിറക്കുക മാത്രമാണ് ഇതിനുള്ള ശാശ്വത പരിഹാരമെന്ന് വാദിച്ചു.

യുദ്ധം പുനരാരംഭിക്കാനുള്ള ആവശ്യങ്ങളെ ട്രംപ് ചെറുക്കുകയും ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ സാമ്പത്തിക സമ്മർദ്ദം തുടരാൻ തീരുമാനിക്കുകയുമായിരുന്നു. ഒരു അഭിമുഖത്തിൽ യുദ്ധം പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, "അതിന് യാതൊരു കാരണവുമില്ല" എന്നാണ് ട്രംപ് മറുപടി നൽകിയത്.

സൈനിക നടപടിയും ഭരണമാറ്റവും നെതന്യാഹു ലക്ഷ്യമിടുമ്പോൾ, നയതന്ത്രത്തിനും സാമ്പത്തിക സമ്മർദ്ദത്തിനുമാണ് ട്രംപ് മുൻഗണന നൽകുന്നത്. രണ്ട് നേതാക്കളും തമ്മിലുള്ള നിലപാടുകളിലെ വലിയ ഭിന്നതയാണ് ഈ റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്.

മുമ്പും ഇരുവരും തമ്മിൽ ഫോണിലൂടെ കടുത്ത തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ജൂൺ മാസത്തിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്, ഒരു സംഭാഷണത്തിനിടെ നെതന്യാഹുവിനെ ട്രംപ് "ഭ്രാന്തൻ" എന്ന് വിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: Reports indicate a sharp disagreement between US President Donald Trump and Israeli Prime Minister Benjamin Netanyahu regarding military action against Iran, a claim denied by Israeli officials.