'വഴക്കിടരുത് സുഹൃത്തുക്കളെ, ന്യായമായ ഫീസ് തന്നാൽ പ്രശ്‌നം പരിഹരിച്ചു തരാം'; മുൻ റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. എക്സിലൂടെയായിരുന്നു പ്രതികരണം. ട്രംപിനും മസ്‌കിനുമിടയില്‍ 'സമാധാന കരാറിന്' മധ്യസ്ഥം വഹിക്കാം. സേവനത്തിന് ന്യായമായ ഫീസ് മാത്രം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്റ്റാര്‍ലിങ്ക് ഓഹരികള്‍ സ്വീകരിക്കാനും തയ്യാറാണ്. വഴക്കിടരുത് സുഹൃത്തുക്കളെ എന്നാണ് മെദ്വദേവ് കുറിച്ചത്. മെദ്വദേവിന്റെ പോസ്റ്റിന് താഴെ മസ്‌ക് പ്രതികരണവുമായി രംഗത്ത് വന്നു. ചിരിക്കുന്ന ഒരു സ്‌മൈലിയാണ് അദ്ദേഹം മറുപടിയായി നല്‍കിയത്.
ട്രംപുമായി തെറ്റിയ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറയിച്ചിരുന്നു. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവികോവ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ക് ആവശ്യപ്പെട്ടാല്‍ റഷ്യ അഭയം നല്‍കുമെന്ന് നോവികോവ് വ്യക്തമാക്കി.
മസ്‌കിന്റേത് തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ്. അദ്ദേഹത്തിന് ഏതെങ്കിലും രാഷ്ട്രീയ അഭയസ്ഥാനത്തിന്റെ ആവശ്യമില്ല. എന്നിരുന്നാലും, അദ്ദേഹം ആവശ്യപ്പെട്ടാല്‍ റഷ്യ അത് തീര്‍ച്ചയായും ലഭ്യമാക്കും എന്നായിരുന്നു നോവികോവ് പറഞ്ഞത്. അതേസമയം, ട്രംപ്-മസ്‌ക് കലഹത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും റഷ്യ വ്യക്തമാക്കി. അത് യുഎസിന്റെ ആഭ്യന്തരവിഷയമാണെന്നും അതില്‍ ഇടപെടാനോ അഭിപ്രായം പറയാനോ ഇല്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പേസകോവ് പ്രതികരിച്ചു.
യുഎസ് സര്‍ക്കാരിന്റെ കാര്യക്ഷമതാവകുപ്പില്‍നിന്ന് പടിയിറങ്ങിയതിന് പിന്നാലെ ട്രംപിനെതിരേ രൂക്ഷ വിമര്‍ശനമാണ് മസ്‌ക് ഉന്നയിക്കുന്നത്. മസ്‌കുമായി ഇനി നല്ല ബന്ധം തുടരാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടെ ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍ കഴിഞ്ഞദിവസം രൂക്ഷമായ പരാമര്‍ശമാണ് മസ്‌കിനെതിരേ നടത്തിയത്. അനധികൃത പരദേശി എന്ന് മസ്‌കിനെ വിളിച്ച സ്റ്റീവ്, അദ്ദേഹത്തെ ഉടന്‍തന്നെ നാടുകടത്തണമെന്ന് യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Don't Fight Guys: Ex-Russia President Dmitry Medvedev on Elon Musk Sonald Trump feud.