ഇറാൻ യുദ്ധം അവസാനിക്കാറായി;പക്ഷേ,പൂർത്തിയാക്കിയിട്ടില്ലെന്ന് ട്രംപ്; പാക് പ്രധാനമന്ത്രി സൗദിയിലേക്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായി എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെ തുടർന്ന് ആക്രമണങ്ങൾ ലഘൂകരിക്കപ്പെട്ടതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

'എനിക്ക് തോന്നുന്നു, അത് അവസാനിക്കുന്നതിന്റെ വളരെ അടുത്തെത്തിയെന്ന്' ട്രംപ് പറഞ്ഞു. അതേ സമയം തങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് കൂടി ട്രംപ് അഭിമുഖത്തിൽ പറഞ്ഞുവെച്ചു. ഇസ്ലാമാബാദിൽ ഇറാനും യുഎസും തമ്മിൽ രണ്ടാംഘട്ട ചർച്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽകൂടിയാണ് ട്രംപിന്റെ പ്രസ്താവന.

'ഇപ്പോൾ തന്നെ അവിടെനിന്ന് ഇറങ്ങിയാൽ ആ രാജ്യം പുനർനിർമിക്കാൻ അവർക്ക് 20 വർഷമെടുക്കും. ഞങ്ങൾ പൂർത്തിയാക്കിയിട്ടില്ല,എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം' യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഇറാന്റെ ആണവ ശേഷികൾ നിർവീര്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. 'ഞാൻ അത് ചെയ്തില്ലെങ്കിൽ, നിങ്ങൾ ഇപ്പോൾ ഇറാനിൽ ആണവായുധം കാണും.

ഇതിനിടെ ഇറാൻ യുഎസ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് നാലുദിവസത്തെ നയതന്ത്ര സന്ദർശനത്തിന് തയ്യാറെടുക്കുകയാണ്. സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നിവടങ്ങളിലാകും ഷെബഹാസ് സന്ദർശനം നടത്തുക. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ഔദ്യോഗിക സന്ദർശനങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ട്രംപിന്റെ ഐക്യരാഷ്ട്ര സഭയുടെയും പിന്തുണയോടെയാണ് പാക് പ്രധാനമന്ത്രി രഹസ്യ നയതന്ത്ര നീക്കങ്ങളും സന്ദർശനങ്ങളും നടത്തുന്നതെന്നാണ് സൂചന. യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്നതിന് മുന്നോടിയായി ഇരുപക്ഷത്തേയും വീണ്ടും ടേബിളിലേക്കെത്തിക്കാനാണ് നീക്കം. രണ്ടാംഘട്ട ചർച്ച ഇസ്ലാമാബാദിൽ തന്നെ നടക്കുമെന്ന് ട്രംപ് സൂചന നൽകുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഇറാന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ വന്നിട്ടില്ല.

വെടിനിർത്തലിനിടയിലും ഇറാനെതിരായ യുഎസിന്റെ നാവിക ഉപരോധം പുരോഗമിക്കുകയാണ്.

Content Highlights: President Trump suggests the Iran conflict is nearing a conclusion in 2026., A two-week ceasefire has temporarily reduced hostilities