'അമേരിക്കയുടെ വിലകളഞ്ഞു, ഇന്ത്യ ചൈനയോടടുക്കാൻ ഇടയാക്കി'; ട്രംപിനെതിരേ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: ഇന്ത്യക്കെതിരേ കനത്ത താരിഫ് ചുമത്തിയതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജെയ്ക്ക് സള്ളിവന്. ട്രംപ് അമേരിക്കന്‍ ബ്രാന്‍ഡിന്റെ പ്രശസ്തിക്ക് കളങ്കംവരുത്തിയെന്ന് സള്ളിവന് വിമര്‍ശിച്ചു. ട്രംപ് ചുമത്തിയ ഉയർന്ന തീരുവ മൂലം ചൈന, യുഎസിനെക്കാള്‍ ഉത്തരവാദിത്വമുള്ള രാജ്യമാണെന്ന തോന്നലുണ്ടാക്കിയിരിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുകള്‍ക്ക് കാരണമാവും. ഇന്ത്യയെ ചൈനയുമായി അടുപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
'നിരവധി രാജ്യങ്ങളില്‍ യുഎസിനെക്കാള്‍ ചൈനയ്ക്ക് ജനപ്രീതി വര്‍ധിച്ചിരിക്കുന്നു. ഒരുവര്ഷംമുന്പ് ഇതായിരുന്നില്ല സ്ഥിതി. യുഎസ് ബ്രാന്‍ഡ് തകര്‍ന്നെന്നും ചൈന കൂടുതല്‍ ഉത്തരവാദിത്വമുള്ള ശക്തിയായി മാറിയെന്നും പറയുകയാണ് ഇപ്പോള്‍ പല രാജ്യങ്ങളും', 'ദി ബുള്‍വാര്‍ക്ക്' പോഡ്കാസ്റ്റില്‍ സംസാരിക്കവേ സള്ളിവന് വ്യക്തമാക്കി. അന്യായമായ വ്യാപാര രീതികള്‍, റഷ്യന്‍ ഇന്ധനം വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്, ഇന്ത്യക്കുനേരെ 50 ശതമാനം തീരുവ ചുമത്തിയത് തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സള്ളിവന്റെ വിമർശനം.
ട്രംപിന്റെ പുതിയ നീക്കങ്ങളുടെ ഫലമായി സഖ്യകക്ഷികള്‍ക്ക് ഇപ്പോള്‍ യുഎസിനെ വിശ്വസിക്കാന്‍ കൊള്ളാത്ത നിലയിലേക്ക് എത്തിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയുമായി അടുക്കുന്ന ഇന്ത്യയെ ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടി. ആഗോള നേതാക്കള്‍ക്ക് ഇപ്പോള്‍ യുഎസില്‍നിന്നുള്ള അപകടസാധ്യതകള്‍ കുറയ്ക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.
യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ജെയ്ക്ക് സള്ളിവന്. ഒബാമ ഭരണകൂടത്തില്‍ നയരൂപവത്കരണ ഡയറക്ടറുമായിരുന്നു അദ്ദേഹം.
Content Highlights: Former White House Official Condemns Trump's India Tariffs, Citing Damage to US Reputation