‘യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്കെത്തുന്നു’; ഇറാനെതിരേയുള്ള ആക്രമണം തൽക്കാലം നിർത്തി- ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും അഭ്യർഥന പ്രകാരമാണ് തീരുമാനം. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാന്റെ അഭ്യർഥന പ്രകാരം, ലോകത്തിന്റെ ഭാവി നന്മയ്ക്കും വിജയകരവും സമൃദ്ധവുമായ ഒരു ഇറാനെ നിലനിർത്തുന്നതിനും അതിജീവനത്തിനും വേണ്ടി ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇസ്രയേലും അമേരിക്കയ്‌ക്കൊപ്പം ഈ പ്രതിബദ്ധതയിൽ ചേരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായും തുറന്നുകൊടുക്കുമെന്ന് ട്രംപ് അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സൈനികശക്തിയോടെ ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പോരാടാൻ തയ്യാറായി നിൽക്കുകയാണ് അമേരിക്ക. എന്നിരുന്നിട്ടും ഇറാനും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളും ഒരു കരാറിന് സമ്മതിച്ചതിനാൽ ആക്രമണം മാറ്റിവെക്കാൻ തീരുമാനിക്കുകയാണ്. ഈ കരാറിൽ ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായും തുറന്നുകൊടുക്കുന്നതും ഇറാന്റെ ആണവ ഭീഷണിക്ക് അറുതി വരുത്തുന്നതും ഉൾപ്പെടുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാരം ഇറാൻ തടസ്സപ്പെടുത്തിയിരുന്നു.
ഇറാനെതിരേ കടുത്ത ആക്രമണമുണ്ടാകുമെന്ന് കഴിഞ്ഞരാത്രി ട്രംപ് കാബിനറ്റ് മീറ്റിങ്ങിൽ പറഞ്ഞിരുന്നു. 'ഞങ്ങൾക്കത് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല' എന്ന് ഇറാൻ പറയുന്നതുവരെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
Content Highlights: Trump suspends military operations against Iran following a regional request., Agreement reached to fully reopen the strategic Hormuz Strait., Commitment secured to end Iran's nuclear threat., Israel aligns with the US in supporting this diplomatic path for regional stability.