എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉടൻ മടങ്ങും; സൈനികരുടെ മാനസിക സമ്മർദം തള്ളി ട്രംപ്

വാഷിങ്ടൺ: മധ്യേഷ്യയിൽ ഒൻപത് മാസമായി വിന്യസിച്ചിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിലെ സൈനികരുടെ ജീവിത സാഹചര്യങ്ങളെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകൾ തള്ളി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കപ്പലിലെ സാഹചര്യങ്ങൾ മോശമാണെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം, വിമാനവാഹിനിക്കപ്പലിന് പകരം മറ്റൊരു കപ്പൽ ഉടൻ എത്തുമെന്നും പറഞ്ഞു. കപ്പലിലെ സേനാംഗങ്ങളുടെ കുടുംബങ്ങൾ ആശങ്കാകുലരാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. കപ്പൽ വിന്യാസം ദീർഘിപ്പിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങളും അദ്ദേഹം നിഷേധിച്ചു.
എബ്രഹാം ലിങ്കണ് പകരമായി സമാനമായ മറ്റൊരു കപ്പൽ ഉടൻ എത്തുമെന്ന് ട്രംപ് വ്യക്തമാക്കി. സാധാരണയായി ആറ് മാസമാണ് ഇത്തരം വിന്യാസങ്ങൾക്കായി നിശ്ചയിക്കാറുള്ളതെങ്കിലും ഇറാനുമായുള്ള പ്രത്യേക സാഹചര്യങ്ങൾ കാരണം ഇത് നീണ്ടുപോവുകയായിരുന്നു. 2025 നവംബറിൽ കാലിഫോർണിയയിൽ നിന്ന് പുറപ്പെട്ട ഈ കപ്പൽ, ഫെബ്രുവരി 28-ന് ഇറാന് നേരെ നടന്ന ആക്രമണങ്ങൾക്ക് മുന്നോടിയായാണ് മധ്യേഷ്യയിലേക്ക് തിരിച്ചുവിട്ടത്.
അതേസമയം, കപ്പലിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നും സേനാംഗങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില സൈനികർ കപ്പലിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, നേവി സെക്രട്ടറി ഹുങ് കാവോ ഈ ആരോപണങ്ങൾ തള്ളുകയും സൈനികരെ ഇരകളായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. സൈനിക ദൗത്യം ആവശ്യപ്പെട്ടതുകൊണ്ടാണ് കപ്പലിന്റെ കാലാവധി നീട്ടിയതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: US President Trump dismisses concerns over USS Abraham Lincoln crew welfare and confirms carrier replacement.