പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ തയ്യാറെന്ന് വാൻസ്, 'ട്രംപ് മരിച്ചെ'ന്ന് എക്സ്, സിംപ്സൺസിന്റെ പ്രവചനവും

വാഷിങ്ടൺ: സാമൂഹികമാധ്യമമായ എക്സിലിപ്പോൾ ചൂടുപിടിച്ച ചർച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ ചുറ്റിപ്പറ്റിയാണ്. ‘ട്രംപ് ഇസ് ഡെഡ്’ (ട്രംപ് മരിച്ചു) എന്ന ഹാഷ് ടാഗിലാണ് ഊഹാപോഹങ്ങളും അഭ്യൂഹപ്പെരുമഴയും.
യുഎസ് വൈസ് പ്രസിഡന്റും തന്റെ പിൻഗാമിയായി ട്രംപ് പ്രഖ്യാപിച്ചയാളുമായ ജെ.ഡി. വാൻസ് ഈ മാസം 27-ന് യുഎസ്എ ടുഡേയ്ക്കുനൽകിയ അഭിമുഖത്തിൽനിന്നാണ് അതിന്റെയെല്ലാം തുടക്കം. ട്രംപ് അത്യന്തം ആരോഗ്യവാനും ഈർജസ്വലനുമാണെന്നും എന്നാൽ, അരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ താൻ തയ്യാറാണെന്നുമായിരുന്നു വാൻസ് പറഞ്ഞത്. കഴിഞ്ഞ 200 ദിവസങ്ങളിൽ ആർജിച്ച അനുഭവം അതിനുള്ള മികച്ച പരിശീലമാണെന്നുകൂടി കൂട്ടിച്ചേർത്തു.
ഇതോടെയാണ് ട്രംപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വ്യാഖ്യാനങ്ങളുണ്ടായത്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാണ് ട്രംപ്. അദ്ദേഹത്തിന് സിരാസംബന്ധമായ അസുഖമുണ്ടെന്നും അതിനാലാണ് കാലിൽ വീക്കമുണ്ടാകുന്നതെന്നും ജൂലായിൽ വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിരുന്നു. വീക്കം തട്ടിയ ട്രംപിന്റെ കണങ്കാലിന്റെയും വലതുകൈയിലെ മുറിവിന്റെയുമൊക്കെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
സിംപ്സൺസിന്റെ പ്രവചനങ്ങൾ
യുഎസിൽ ട്രംപിനെ സംബന്ധിച്ച നിർണായക പ്രവചനങ്ങൾ നടത്തിയ ഒരു കാർട്ടൂൺ പരമ്പരയുണ്ട്: ദ് സിംപ്‌സൺസ്. ഈ പരമ്പര യുഎസിന്റെ ഭാവി പ്രവചിക്കുമെന്ന് അമേരിക്കക്കാർ വിശ്വസിക്കാൻകാരണം അതിന്റെ ചില പഴയഭാഗങ്ങളിൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് അച്ചട്ടായി എന്നതിനാലാണ്. ട്രംപ് യുഎസ് പ്രസിഡന്റാകുമെന്നുപറഞ്ഞ് 2000-ത്തിൽ പുറത്തിറങ്ങിയ ഭാഗമാണ് അതിലൊന്ന്.
ഷോയുടെ സ്രഷ്ടാവായ മാറ്റ് ഗ്രോയെനിങ് 2025 ജൂലായിൽ സാൻ ഡിയേഗോയിലെ ഒരു പരിപാടിയിൽ പരമ്പരയുടെ ഭാവിയെക്കുറിച്ചുപറഞ്ഞ തമാശകൂടി ‘ട്രംപ് ഈസ് ഡെഡി’നൊപ്പം ചർച്ചയാകുന്നുണ്ട്. “പരമ്പര അവസാനിപ്പിക്കാൻ ആലോചനയൊന്നുമില്ല. ഞങ്ങൾ തുടർന്നുകൊണ്ടിരിക്കും. ആരെങ്കിലും മരിക്കുന്നതുവരെ തുടരാം. നിങ്ങൾക്കറിയാമല്ലോ ആരാണ് മരിക്കുകയെന്ന്.” -സിംപ്സൺസ് പ്രവചിക്കുന്നു അദ്ദേഹം മരിച്ചാൽ തെരുവുകളിൽ നൃത്തം നടക്കും. പക്ഷേ, പ്രസിഡന്റ് വാൻസ് അപ്പോൾ നൃത്തം നിരോധിക്കും.” -ഇതായിരുന്നു ഗ്രോയെനിങ് അന്നു പറഞ്ഞത്.
Content Highlights: Donald Trump's Health Status Fuels Speculation on Social Media