തൊഴിലില്ലായ്മ വര്‍ധിക്കുന്നു; എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ അമേരിക്ക നിര്‍ത്തലാക്കിയേക്കും

വാഷിങ്ടന്‍: എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ അടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്ക് യുഎസ് നീങ്ങുന്നത്. വിസ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകും.
ഒക്ടോബര്‍ ഒന്നിന് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന സമയത്ത് വിസ പുതുക്കുന്നത് നിര്‍ത്താനാണ് നീക്കമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വിസ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പുതിയ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല. എന്നാല്‍ നിലവില്‍ യുഎസിലുള്ളവരെ ഇതു ബാധിച്ചേക്കില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച്1ബി വിസ അനുവദിക്കാറുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളാണ് ആ വിസയുടെ പ്രധാന ഉപഭോക്താക്കള്‍. അതിനാല്‍ തന്നെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി ജീവനക്കാരെ പ്രതികൂലമായി ബാധിക്കും. നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ എച്ച്1 ബി വിസയിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി ഉറപ്പ് വരുത്തുന്നതിന് കരിയര്‍ വിദഗ്ധര്‍ മുന്നോട്ടുവെച്ച വിവിധ ആശയങ്ങള്‍ ഭരണകൂടം പരിഗണിച്ചു വരികയാണെന്നും ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
Content Highlights: Trump Considering Suspending H-1B Visas Amid Massive Unemployment: Report
Content Highlights: