താരിഫ് കൊണ്ട് രണ്ട് ഗുണം; ഇന്ത്യ-പാക് യുദ്ധം നിർത്താനായി, യുഎസിന് കോടികളുടെ സമ്പാദ്യവും ലഭിച്ചു –ട്രംപ്

ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടണ്‍: വ്യാപാര ഭീഷണി ഉയര്‍ത്തിയാണ് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സമാധാന കരാറിനായുള്ള മധ്യസ്ഥത വഹിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ താരിഫ് കാരണമാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായത്. താരിഫ് കാരണം തങ്ങള്‍ സമാധാന സ്ഥാപകരായെന്നും ഇത് യുഎസിന് കോടിക്കണക്കിന് രൂപ നേടിക്കൊടുക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താരിഫ് നിലപാടില്‍ മാറ്റംവരുത്തുമോ എന്നതായിരുന്നു ചോദ്യം. താരിഫ് ഇല്ലായിരുന്നെങ്കില്‍, ഏഴ് യുദ്ധങ്ങളില്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ആളിക്കത്തുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറായിരുന്നു. ഏഴ് വിമാനങ്ങള്‍ വെടിവെച്ചിട്ടു. അന്ന് എന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി വെളിപ്പെടുത്തുന്നില്ല. പക്ഷേ, പറഞ്ഞത് വളരെ ഫലപ്രദമായി. താരിഫ് വഴി തങ്ങള്‍ക്ക് കോടിക്കണക്കിന് പണം സമ്പാദിക്കാനായി എന്നതോടൊപ്പം, അത് തങ്ങളെ സമാധാനപാലകരാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യ-പാക് വെടിനിര്‍ത്തലിന്റെ ഉത്തരവാദിത്വം ട്രംപ് പലവേദികളിലും ഒട്ടേറെത്തവണ അവകാശപ്പെട്ടിട്ടുണ്ട്. മേയ് പത്തിന് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇക്കാര്യം ആദ്യമായി അവകാശപ്പെട്ട് രംഗത്തെത്തിയത്. എന്നാല്‍, പാകിസ്താന്‍ സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഈ വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി തന്റെ ഇന്ത്യന്‍ പ്രതിനിധിയെ സമീപിച്ചുവെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. അതോടെയാണ് വെടിനിർത്തൽ കരാറായതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.