'കേട്ടാൽ തല കറങ്ങുന്നത്രയും താരിഫ്'; ഇന്ത്യക്കും പാകിസ്താനും മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ട്രംപ്‌

ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

വാഷിങ്ടണ്‍: കേട്ടാൽ തന്നെ തല കറങ്ങിപ്പോകുന്ന തരത്തിൽ താരിഫുകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടാകുമായിരുന്ന ഒരു ആണവ ഏറ്റുമുട്ടല്‍ താന്‍ നേരിട്ട് ഇടപെട്ട് തടഞ്ഞതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് യുദ്ധം തന്റെ ഇടപെടലിലൂടെയാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് മുന്‍പ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഈ അവകാശവാദം ഇന്ത്യ തള്ളിയിട്ടുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് തന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

വൈറ്റ്ഹൗസില്‍ നടന്ന ഒരു കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഒടുവിലായി അവകാശവാദം ആവര്‍ത്തിച്ചിരിക്കുന്നത്. പാകിസ്താനുമായി ബന്ധപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംസാരിച്ചെന്നും ട്രംപ് പറഞ്ഞു.

'ഞാന്‍ ഇന്ത്യയുടെ ഗംഭീര മനുഷ്യന്‍ മോദിയുമായി സംസാരിച്ചു, നിങ്ങളും പാകിസ്താനും തമ്മില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. പിന്നീട് ഞാന്‍ പാകിസ്താനുമായി വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. നിങ്ങളും ഇന്ത്യയും തമ്മില്‍ എന്താണ് നടക്കുന്നതെന്ന് അവരോടും ചോദിച്ചു.  ഇത് വളരെക്കാലമായി തുടരുകയാണ്, നൂറുകണക്കിന് വര്‍ഷങ്ങളായി, പല പേരുകളിലാണെന്ന് മാത്രം' ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ തീരുവ ഉപയോഗിച്ച് ഇരുരാജ്യങ്ങളേയും ഭീഷണിപ്പെടുത്തിയതായും ട്രംപ് അവകാശപ്പെട്ടു. ' നിങ്ങളുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ഒരു ആണവയുദ്ധത്തിലേക്ക് പോവുകയാണ്. നിങ്ങള്‍ ഒരു ആണവയുദ്ധത്തിലായിരിക്കും ചെന്നെത്തുക. ഞങ്ങള്‍ നിങ്ങളുമായി ഒരു ഇടപാടും ഉണ്ടാക്കാന്‍ പോകുന്നില്ല, നിങ്ങളുടെ മേല്‍ വളരെ ഉയര്‍ന്ന താരിഫുകള്‍ ചുമത്തും. എനിക്കതൊരു വിഷയമല്ല. കേട്ടാൽ നിങ്ങളുടെ തല കറങ്ങുന്ന തരത്തിലുള്ളതായിരിക്കും അത്. ഏകദേശം അഞ്ച് മണിക്കൂറിനുള്ളില്‍ അക്കാര്യത്തില്‍ തീരുമാനമായി. ഇനി, ഒരുപക്ഷേ അത് വീണ്ടും തുടങ്ങിയേക്കാം, എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ അത് തടയും. ഇത്തരം കാര്യങ്ങള്‍ നമുക്ക് അനുവദിക്കാനാവില്ല' ട്രംപ് പറഞ്ഞു.

Content Highlights: Trump Claims Averted India-Pakistan Nuclear War Through Tariff Threats