'ഞാൻ ‘ബിബി’യെ പിന്തുണച്ചതേടെ കാര്യങ്ങൾ മാറിമറിഞ്ഞു'; നെതന്യാഹുവിന്റെ മുന്നേറ്റത്തിൽ അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ.
തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുന്നതിനിടെയാണ് ട്രംപ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ പിന്തുണച്ചതോടെ ദയനീയ തോൽവിക്ക് പകരം നെതന്യാഹു വിജയിക്കുകയോ ഒപ്പമെത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
'പ്രസിഡന്റ് ട്രംപ് ബിബി നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഒരു മികച്ച പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുമായിരുന്ന ദയനീയ പരാജയത്തിന് പകരം, ഇപ്പോൾ ഇതൊരു വലിയ തിരിച്ചുവരവിനും സമനിലയ്ക്കും, അല്ലെങ്കിൽ നെതന്യാഹുവിന്റെ വിജയത്തിന് പോലും വഴിവെക്കുന്നതായി കാണപ്പെടുന്നു! മധ്യപൂർവേഷ്യയ്ക്കും ഇസ്രായേലിനും അമേരിക്കയ്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ പിന്തുണയ്ക്ക് ശേഷമാണ് ഇതെല്ലാം സംഭവിച്ചത്!' ട്രംപ് കുറിച്ചു.
വോട്ടെടുപ്പിന് പിന്നാലെ ബുധനാഴ്ച പുലർച്ച അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു ട്രംപ് അടക്കമുള്ള തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ദൈവവും ഇതിൽ പ്രധാനികളാണെന്നും നെതന്യാഹു പറയുകയുണ്ടായി.
'നമ്മുടെ ഉറ്റ സുഹൃത്തായ പ്രസിഡന്റ് ട്രംപിനൊപ്പം ചേർന്ന്, ഈ ഭീഷണിയെ എന്നെന്നേക്കുമായി തുടച്ചുനീക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു' ഇറാനെയും നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെയും പരാമർശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
തന്റെ ലിക്കുഡ് പാർട്ടിയിലെ അംഗങ്ങൾക്കും, മറ്റ് സർക്കാർ, സഖ്യകക്ഷി പങ്കാളികൾക്കും, തന്റെ ഭാര്യയ്ക്കും മക്കൾക്കും, ഇസ്രായേലിലെ സൈനികർക്കും അദ്ദേഹം നന്ദി അറിയിച്ചു.
'അവസാനമായി, ലോകസ്രഷ്ടാവിന് ഞാൻ നന്ദി പറയുന്നു. ഇസ്രായേലിന്റെയും, നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെയും, നമുക്കുള്ള ഒരേയൊരു രാഷ്ട്രത്തിന്റെയും, ശാശ്വത നിലനിൽപ്പിനായി പ്രവർത്തിക്കാൻ എനിക്ക് ശക്തി നൽകുന്നത് അവിടുത്തെ അനുഗ്രഹമാണ്' പ്രസംഗത്തിന്റെ അവസാനം അദ്ദേഹം പറഞ്ഞു.
Content Highlights: Benjamin Netanyahu's Likud party is leading in the Israel parliament election., US President Donald Trump claimed that his endorsement changed the course of the election., Netanyahu thanked Trump and supporters in his post-election address., Exit polls indicate no party will achieve an absolute majority.