ചരിത്രപരം; ബ്രിട്ടണിൽ ട്രംപിന്റെ സന്ദർശനം, പ്രതിഷേധിക്കാൻ ട്രംപ് വിരുദ്ധസംഘം

ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടണിലെത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലിറങ്ങിയത്. ബ്രിട്ടണിലേക്ക് ട്രംപ് നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്. 2019ലാണ് ട്രംപ് ആദ്യമായി ബ്രിട്ടണില്‍ സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനം നിര്‍ണായകമാണെന്ന് യാത്രയ്ക്ക് മുന്‍പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
ബുധനാഴ്ച ട്രംപ് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തും. വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍വെച്ചാണ് അതിവിപുലമായ വിരുന്നും കൂടിക്കാഴ്ചയും നടക്കുക. ചാള്‍സ് രാജാവ് മാന്യനായ ഒരു വ്യക്തിയാണെന്ന് യാത്രയ്ക്ക് മുന്നോടിയായി ട്രംപ് പ്രതികരിച്ചിരുന്നു. ബ്രിട്ടണ്‍ സന്ദര്‍ശനം തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. യുകെയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്, വ്യാപാര കരാര്‍ അല്‍പം കൂടി മെച്ചപ്പെടുത്താന്‍ കഴിയുമോ എന്ന് ബ്രിട്ടണ്‍ പരിശോധിക്കുകയാണ്. അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്നോടിയായാണ് ബ്രിട്ടണില്‍ 30 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അമേരിക്കയ്ക്ക് പുറത്ത് മൈക്രോസോഫ്റ്റ് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ബ്രിട്ടന്റെ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രതികരിച്ചു.
ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബ്രിട്ടണിലും കൊട്ടാരത്തിന് സമീപത്തുമെല്ലാം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിന്‍ഡ്സര്‍ കൊട്ടാരമാണ് വേദി എന്നതിനാല്‍ ജനങ്ങള്‍ക്ക് ട്രംപിന് നേരിട്ട് കാണാന്‍ സാധിക്കില്ല. ശക്തമായ സുരക്ഷയൊരുക്കിയിട്ടും ചൊവ്വാഴ്ച കൊട്ടാരത്തിന് സമീപത്തെ വിന്‍ഡ്സര്‍ ഹൈ സ്ട്രീറ്റി, ട്രംപ് വിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള പ്രകടനം നടന്നിരുന്നു. പലസ്തീന്‍ പതാകയും കനേഡിയന്‍ പതാകയും പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാരെത്തിയത്.
പ്രതിഷേധക്കാര്‍ വിന്‍ഡ്സര്‍ കൊട്ടാരത്തിന് സമീപം ട്രംപിന്റെയും എപ്സ്റ്റീന്റെയും ഫോട്ടോ പതിച്ച വലിയ ബാനര്‍ പ്രദർശിപ്പിക്കുകയും ഇരുവരുടെയും ചിത്രങ്ങള്‍ കൊട്ടാരത്തിന്റെ ചുമരിലേക്ക് പ്രൊജക്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ 'അനധികൃതമായി ചിത്രങ്ങള്‍ പ്രൊജക്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. നാലുപേരും കസ്റ്റഡിയില്‍ തുടരുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രംപ് എപ്സ്റ്റീന് എഴുതിയെന്ന് ആരോപിക്കപ്പെടുന്ന ഒരു ജന്മദിന കത്ത് യു.എസ്. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ടിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഇതിന്റെ ആധികാരികത നിഷേധിച്ചിട്ടുണ്ട്.
ലണ്ടനിലെത്തിയ ട്രംപും മെലാനിയയും യുഎസ് അംബാസിഡറുടെ വസതിയായ വിന്‍ഫീല്‍ഡ് ഹൗസിലാണ് ഇന്നലെ രാത്രി കഴിഞ്ഞത്. ഇന്നുമുതല്‍ വിന്‍സര്‍ കൊട്ടാരത്തിലെ രണ്ടു ദിവസം നീളുന്ന ഔദ്യോഗിക സ്വീകരണ പരിപാടികളും വിരുന്നും ആരംഭിക്കും. ട്രംപിനോടുള്ള ആദര സൂചകമായി മിലിട്ടറി പരേഡും എയര്‍ഫോഴ്‌സിന്റെ വ്യോമാഭ്യാസ പ്രകടനവും അത്താഴ വിരുന്നും ഒരുക്കും. ട്രംപ് കൊട്ടാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിന്‍സറിലും ടവര്‍ ഓഫ് ലണ്ടനിലും ആചാരവെടികള്‍ മുഴങ്ങും. ഉച്ചയ്ക്ക് പ്രസിഡന്റിനോടുള്ള ആദരസൂചകമായി ലണ്ടന്‍ നഗരത്തില്‍ യുഎസ് - ബ്രിട്ടീഷ് വ്യോമസേനകള്‍ ഒരുമിച്ച് നടത്തുന്ന ഫ്‌ളൈ പാസ്റ്റ് പരേഡും നടക്കും.
Content Highlights: Trump arrives in Britain for unprecedented second state visit