ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് യുവതി

അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ യുവതിയുടെ പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്. ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് ഈ സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നതിന് മുമ്പ് യുവതി എല്ലാവരോടും ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ വിനോദസഞ്ചാരികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോട്ട് ഓപ്പറേറ്റര്‍ സ്ത്രീയോട് ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായി സാന്‍ അന്റോണിയോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അവര്‍ പ്രകോപിതയായപ്പോള്‍ ഓപ്പറേറ്റര്‍ ബോട്ട് നിര്‍ത്തി അവര്‍ക്ക് ഇറങ്ങാന്‍ അവസരം നല്കി. ബോട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം ആ സ്ത്രീ യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഒരു ചെറിയ കുട്ടി ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയുമായിരുന്നു.
ബോട്ടില്‍ നിന്ന് ഇറങ്ങിയശേഷം യുവതി അടുത്തുള്ള പാലത്തിലേക്ക് നീങ്ങുകയും ശേഷം ബാഗില്‍ നിന്ന് പെപ്പര്‍ സ്പ്രേ എടുത്ത് യാത്രക്കാര്‍ക്ക് നേരെ പ്രയോഗിച്ചുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: texas women allegedly pepper sprayed a group of people that included a toddler