19 വർഷങ്ങൾക്ക് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്; മതമൗലികവാദത്തിന് എതിരായ ചടങ്ങിൽ പങ്കെടുക്കും

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
തസ്ലീമ നസ്രീൻ
തസ്ലീമ നസ്രീൻ

ന്യൂഡൽഹി: ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടർന്ന് ബംഗാൾ വിടേണ്ടിവന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ വീണ്ടും കൊൽക്കത്തയിലേക്ക്. ഓഗസ്റ്റ് ഒന്നിന് കൊൽക്കത്തയിലെ രബീന്ദ്ര സദനിൽ മതമൗലികവാദത്തിന് എതിരെ നടക്കുന്ന സാഹിത്യോത്സവത്തിൽ തസ്ലീമ നസ്രീൻ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, സംസ്ഥാന ധനകാര്യ മന്ത്രി സ്വപൻ ദാസ് ഗുപ്ത, എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായ എന്നിവരും തസ്ലീമ നസ്രീൻ പങ്കെടുക്കുന്ന ചടങ്ങിൽ സന്നിഹിതരാകും.

മതമൗലിക വാദികളുടെ ഭീഷണിയെ തുടർന്ന് ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയ തസ്ലീമ നസ്രീൻ 1994 മുതൽ താമസിച്ചിരുന്നത് കൊൽക്കത്തയിൽ ആയിരുന്നു. കൊൽക്കത്തയെ തന്റെ സ്വന്തം വീടായാണ് തസ്ലീമ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, 2007-ൽ മതമൗലിക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് തസ്ലീമയ്ക്ക് കൊൽക്കത്ത വിടേണ്ടിവന്നു. അവരുടെ പുസ്തകമായ ‘ദ്വിഖണ്ഡിത’യ്ക്ക് എതിരെ ഉയർന്ന പ്രതിഷേധങ്ങളെ തുടർന്നാണ് ബംഗാൾ വിടേണ്ടിവന്നത്. ദ്വിഖണ്ഡിത ബംഗാളിലെ ഇടത് സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ, ഈ നിരോധനം പിന്നീട് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി.

കൊൽക്കത്തയിൽനിന്ന് ജയ്പൂരിലെ അജ്ഞാത കേന്ദ്രത്തിലേക്കാണ് തസ്ലീമയെ സർക്കാർ മാറ്റിയത്. തുടർന്ന് ഡൽഹിയിൽ എത്തിയ തസ്ലീമ പിന്നീട് സ്വീഡൻ പൗരത്വം എടുത്ത് യൂറോപ്പിലേക്ക് പോയി. കഴിഞ്ഞ 19 വർഷത്തിനിടെ പലതവണ തസ്ലീമയെ ബംഗാളിൽ എത്തിക്കാൻ പല സംഘടനകളും ശ്രമിച്ചിരുന്നു. എന്നാൽ, ഇടത് സർക്കാരും പിന്നീട് അധികാരത്തിൽവന്ന മമത ബാനർജി സർക്കാരും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തസ്ലീമയ്ക്ക് ബംഗാളിൽ എത്താനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുളള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തസ്ലീമയെ കൊൽക്കത്തിയിൽ എത്തിക്കാനുള്ള ശ്രമം വീണ്ടും ഊർജിതമായി. ഓഗസ്റ്റ് ഒന്നിന് സെക്കുലർ മിഷൻ, ഹ്യൂമൻ റൈറ്സ് ബീയോണ്ട് ഫ്രോണ്ടിയേഴ്‌സ് എന്നിവ ഉൾപ്പടെ മൂന്ന് സംഘടനകൾ നടത്തുന്ന സാഹിത്യോത്സവത്തിലാണ് തസ്ലീമ പങ്കെടുക്കുക. അന്നേദിവസം തസ്ലീമ നസ്രീന്റെ വാർത്താസമ്മേളനവും കൊൽക്കത്തയിൽ ഉണ്ടാകും.

Content Highlights: Taslima Nasreen returns to Kolkata after 19 years of exile from the state., Participation in a literary festival at Rabindra Sadan on August 1, 2026., Event hosted by Secular Mission and Human Rights Beyond Frontiers., Significant shift in policy under the Suvendu Adhikari-led BJP government., Includes presence of state ministers and prominent writers.