പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വെടിയുതിർത്തത് പതിമൂന്നുകാരൻ, കണ്ടുനിന്നത് എൺപതിനായിരത്തോളം പേർ

#ന്യൂസ് ഡെസ്ക്
ഖോസ്റ്റിലെ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ജനക്കൂട്ടം | Photo:X
ഖോസ്റ്റിലെ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ജനക്കൂട്ടം | Photo:X

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പൊതുമധ്യത്തിൽ വധശിക്ഷ നടപ്പാക്കി താലിബാൻ. ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിലെ  പ്രതിയായ മംഗൾ എന്നയാൾക്കാണ് പൊതുവിടത്തിൽ വധശിക്ഷ നടപ്പാക്കിയത്. എൺപതിനായിരത്തോളം പേർക്ക് മുന്നിൽവെച്ചായിരുന്നു ഇത്. 

മംഗൾ കൊലപ്പെടുത്തിയ കുടുംബത്തിലെ അംഗമായ പതിമൂന്നുകാരനാണ് ശിക്ഷ നടപ്പിലാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയം ആഗോളതലത്തിൽ ചർച്ചയായി.

ക്യാമറ സംവിധാനമുള്ള ഫോണുകൾ നിരോധിച്ചിരിക്കുന്ന താലിബാൻ ഉത്തരവുകൾ അവഗണിച്ചാണ് ജനക്കൂട്ടം വധശിക്ഷയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഏകദേശം പത്ത് മാസം മുമ്പ് പ്രദേശവാസിയായ അബ്ദുൾ റഹ്മാനെയും അദ്ദേഹത്തിന്റെ 12 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിലാണ് മംഗൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇയാൾ കൊലപ്പെടുത്തിയ കുടുംബത്തിലെ 13 വയസ്സുള്ള കുട്ടിയാണ് മംഗളിനെതിരേ വെടിയുതിർത്തത്. താലിബാൻ നിയമ പ്രകാരം ഇരകളുടെ ബന്ധുക്കൾക്ക് കുറ്റവാളിയോട് ക്ഷമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ വഴി ആൺകുട്ടി നിരസിക്കുകയായിരുന്നു. തുടർന്ന് താലിബാൻ വിധി പ്രകാരം പ്രതിയെ വധിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

അതിനിടെ വധശിക്ഷ ‘ദൈവിക ഉത്തരവ്’ നടപ്പിലാക്കുന്നതിന് സമാനമാണെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി പറഞ്ഞു. ദേശീയ സുരക്ഷയ്ക്കും ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിനും വേണ്ടി പ്രാർഥനകൾ നടത്തിയെന്നും കോടതി കൂട്ടിച്ചേർത്തു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായതായി ശിക്ഷ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. 2021- ൽ അധികാരം പിടിച്ചെടുത്തതിനുശേഷം താലിബാൻ നടപ്പിലാക്കിയ പതിനൊന്നാമത്തെ ജുഡീഷ്യൽ വധശിക്ഷയാണിത്.

അതേസമയം, സംഭവത്തിൽ ലോകത്തിന്റെ പലഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. യുഎൻ സ്പെഷ്യൽ റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് വധശിക്ഷയെ മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമായ നടപടിയെന്ന് അപലപിച്ചു. താലിബാന്റെ നീതിന്യായ വ്യവസ്ഥയിൽ സുതാര്യതയോ നടപടിക്രമങ്ങളോ നിയമപരമായ സംരക്ഷണങ്ങളോ ഇല്ലെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു.

Content Highlights: Taliban carried out a public execution in Khost, Afghanistan, amidst a crowd of 80,000. This act is drawing international condemnation and highlighting concerns over the Taliban`s justice system