യൂറോപ്പിൽ സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ ഹാക്ക് ചെയ്ത് സൈബർ ആക്രമണം: സ്വീഡനിലും ബെൽജിയത്തിലും വൻ നഷ്ടം

ബെൽജിയം: സ്വീഡനിലെയും ബെൽജിയത്തിലെയും സൂപ്പർമാർക്കറ്റുകളിലെ ഫ്രീസറുകളുടെ താപനില സൈബർ ആക്രമണത്തിലൂടെ 55 ഡിഗ്രി സെൽഷ്യസുവരെ ഉയർത്തി ദശലക്ഷക്കണക്കിന് യൂറോയുടെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സ്വീഡനിലെ ഐ.സി.എ, കൂപ്പ് ശൃംഖലകളും ബെൽജിയത്തിലെ അഹോൾഡ് ദെൽഹൈസ് സൂപ്പർമാർക്കറ്റുകളുമാണ് ആക്രമണത്തിന് ഇരയായത്.
ഫ്രീസറുകളിലേക്ക് ചൂടുകാറ്റ് അടിച്ചുകയറുകയായിരുന്നുവെന്നും താപനില ക്രമീകരിക്കാനോ മാറ്റാനോ സാധിക്കാത്ത വിധം എല്ലാം നശിച്ചുവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില ഉയർന്നതോടെ ലക്ഷക്കണക്കിന് ഭക്ഷണസാധനങ്ങളാണ് നശിച്ചത്. ബെൽജിയത്തിൽ ഏകദേശം 40 ദെൽഹൈസ് സ്റ്റോറുകളെയും 15 കാരഫോർ ഔട്ട്‌ലെറ്റുകളെയും 5 സ്പാർ ഷോപ്പുകളെയുമാണ് ഇത് ബാധിച്ചത്. സ്വീഡനിൽ 6 കൂപ്പ് സ്റ്റോറുകളിലെയും കുറഞ്ഞത് 4 ഐ.സി.എ ഔട്ട്‌ലെറ്റുകളിലെയും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
ആഴ്ചകൾക്ക് മുൻപ് ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിൽ സമാനമായ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. റഫ്രിജറേറ്ററുകളിലെ താപനില 80 ഡിഗ്രി സെൽഷ്യസുവരെ ഉയർന്നിരുന്നു. ആക്രമണങ്ങളെക്കുറിച്ച് പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെ സൈബർ ക്രൈം യൂണിറ്റും ഫ്രാൻസിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയും അന്വേഷണം നടത്തുന്നുണ്ട്. ഡാനിഷ് വ്യവസായ ഗ്രൂപ്പായ 'ഡാൻഫോസ്' വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് ബാധിക്കപ്പെട്ട ഭൂരിഭാഗം സിസ്റ്റങ്ങളിലും പ്രവർത്തിച്ചിരുന്നത്. 'ക്ലാരോട്ടി' എന്ന സൈബർ സെക്യൂരിറ്റി ഗവേഷണ സ്ഥാപനം ഡാൻഫോസ് സിസ്റ്റങ്ങളിൽ സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്തിയിരുന്നതായും, പിന്നീട് ഡാൻഫോസ് അവ പരിഹരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.