സൂപ്പർ എൽ നിനോ: ആറുമാസത്തിനിടെ 4.51 ലക്ഷം അധികമരണങ്ങൾക്ക് സാധ്യത; ഇന്ത്യയിൽ മാത്രം 15,800

പ്രതീകാത്മക ചിത്രം | Photo-ANI
പ്രതീകാത്മക ചിത്രം | Photo-ANI

ഷിക്കാഗോ: അതിശക്തമായ എൽ നിനോ പ്രതിഭാസവും ഉഷ്ണതരംഗവും കാരണം അടുത്ത ആറുമാസത്തിനിടെ ലോകത്ത് സ്വാഭാവികമരണങ്ങളെക്കാൾ 4.51 ലക്ഷത്തോളം കൂടുതൽ മരണങ്ങളുണ്ടായേക്കുമെന്ന് ഷിക്കാഗോ സർവകലാശാല ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ പഠനം.

സെപ്റ്റംബർമുതൽ 2027 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽമാത്രം ചൂടുകാരണം 15,800 അധികമരണങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. അതിൽ പാതി മരണങ്ങളും ഡിസംബർമുതൽ ഫെബ്രുവരിവരെയുള്ള മൂന്നുമാസത്തിനിടെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.

1996-2025 വരെയുള്ള ശരാശരി താപനിലയുമായി താരതമ്യംചെയ്യുമ്പോൾ സംഭവിക്കാനിടയുള്ള അധികമരണനിരക്കാണ് കണക്കാക്കുന്നത്. ദരിദ്ര, വികസ്വര ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലാണ് കൂടുതൽ മരണങ്ങളും പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നിലവിലെ എൽ നിനോയുടെ ഫലമായി ഭൂമിയുടെ കരഭാഗത്തെ താപനില സാധാരണയെക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് ഉയരാനും അതിശക്തമായ ചൂടുള്ള ദിവസങ്ങളുടെ എണ്ണം 44 ശതമാനം വർധിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ മേഖലയിൽ സമുദ്രോപരിതല താപനില റെക്കോഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Content Highlights: A comprehensive study by the University of Chicago Climate Impact Lab warns that the Super El Nino phenomenon could trigger 4.51 lakh excess deaths worldwide, including 15,800 in India, over the next six months due to extreme heat.