ബ്രൂണെ സുല്‍ത്താന്‍റെ മകള്‍ക്ക് മാംഗല്യം; കോടികള്‍ ചെലവഴിച്ച ആഘോഷം നീണ്ടത്‌ ഏഴ് ദിവസം

ബ്രൂണെ രാജകുമാരിയും ഭര്‍ത്താവ് അബ്ദുള്ള അല്‍ ഹാഷ്മിയും | Photo: Facebook/Tiara Mania
ബ്രൂണെ രാജകുമാരിയും ഭര്‍ത്താവ് അബ്ദുള്ള അല്‍ ഹാഷ്മിയും | Photo: Facebook/Tiara Mania

ബ്രൂണെ: ബ്രൂണെയ്ക്ക് ആഘോഷമായി സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്‌സില്ല ലുബാബുള്‍ രാജകുമാരിയുടെ വിവാഹം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചടങ്ങുകളോടെ ജനുവരി 23നാണ് രാജകുമാരി കാമുകനായ അബ്ദുള്ള അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്. ജനുവരി 16 മുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. 

സുല്‍ത്താന്റെ 12 മക്കളില്‍ ഒമ്പതാമത്തെ ആളാണ് ഫദ്‌സില്ല ലുബാബുള്‍. സുല്‍ത്താന്റെ രണ്ടാം ഭാര്യ മറിയം അബ്ദുള്‍ അസീസിനുണ്ടായ മകളാണിത്. 2003ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരമായ മതീന്‍ രാജകുമാരനുള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന് ഹാജയിലുള്ളത്‌.

സുല്‍ത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുള്‍ ഇമാനിലായിരുന്നു വിവാഹചടങ്ങുകള്‍. ആഡംബരത്തിന് പേരുകേട്ട കൊട്ടാരമാണ് ബ്രൂണെ സുല്‍ത്താന്റേത്. 1700ല്‍പ്പരം മുറികളുള്ള കൊട്ടാരത്തിലെ ഹാളില്‍ അയ്യായിരം ആളുകള്‍ക്ക് ഒരുമിച്ച് കൂടിച്ചേരാം. വിവാഹത്തിന്റെ മറ്റൊരു ചടങ്ങ് ബ്രൂണെയിലെ ഒമര്‍ അലി സൈഫുദ്ദിന്‍ പള്ളിയിലാണ് നടന്നത്. 

രാജകുടുംബത്തില്‍ തലമുറകളായ കൈമാറി വന്ന ആഭരണം അണിഞ്ഞുകൊണ്ടാണ് ഫദ്‌സില്ല വരനായ അബ്ദുള്ള അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ടിയാര വജ്രമാണ് രാജകുമാരി വിവാഹദിവസം അണിഞ്ഞത്. മലേഷ്യന്‍ ഡിസൈനറായ ബെര്‍ണാര്‍ഡ് ചന്ദ്രനാണ് വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തത്. 

ബ്രൂണെ നാഷണല്‍ നെറ്റ്‌ബോള്‍ ക്യാപ്റ്റനും ഹെല്‍ത്ത്‌കെയര്‍ ക്യാംപയിന്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ് 36 വയസ്സുകാരി ഫദ്‌സില്ല. രാജകുടുംബമാണെങ്കിലും വാര്‍ത്തകളില്‍ അധികം ഇടം നേടാത്തയാള്‍ കൂടിയാണ് ഫദ്‌സില്ല.   

ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ 75 ആം സ്ഥാനത്താണ് ബ്രൂണെ സുല്‍ത്താനുള്ളത്. സുല്‍ത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വിശേഷങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. 2008ല്‍ ഫോബ്‌സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുല്‍ത്താന്റെ ആസ്തി 20 ബില്യണ്‍ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുള്‍പെടുന്നു. 

Content Highlights: