മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന; 5 പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മത്സ്യബന്ധന യാനത്തിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമുദ്രാതിർത്തി ലംഘിച്ചതിന് പാക്ക് കടലിടുക്കിലെ നെടുന്തീവ് ദ്വീപിന് സമീപത്തുവെച്ച് 13 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ തൊഴിലാളികൾ ഇപ്പോൾ ജാഫ്ന ടീച്ചിങ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
സമുദ്രാതിർത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ പിടികൂടുമ്പോൾ ആക്രമണോത്സുകമായ പെരുമാറ്റമോ അക്രമമോ ഇരുസേനകളുടെയും ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഇന്ത്യ-ശ്രീലങ്ക ധാരണ മറി കടന്നാണ് ശ്രീലങ്കൻ നാവികസേനയുടെ നടപടി. ഡിസംബറിലെ ഇന്ത്യാ സന്ദർശന വേളയിൽ ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുമായി ഇക്കാര്യത്തിൽ രാജ്യം ധാരണയിലെത്തിയിരുന്നു.
സംഭവത്തിൽ ന്യൂഡൽഹിയിലെ ശ്രീലങ്കയുടെ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വിഷയം ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തോട് ഉന്നയിക്കുകയും ചെയ്തു..
Content Highlights: Sri Lankan Navy fires on Indian fishermen near Delft Island, injuring 5.