ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണം: പിന്നിൽ പ്രവർത്തിച്ചത് മുൻ ഇന്റലിജൻസ് മേധാവിയെന്ന് മന്ത്രി

#ന്യൂസ് ഡെസ്ക്
ഭീകരാക്രമണം നടന്ന ദേവാലയത്തിലെ ദൃശ്യം | File Photo: AP
ഭീകരാക്രമണം നടന്ന ദേവാലയത്തിലെ ദൃശ്യം | File Photo: AP

കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണപരമ്പരയ്ക്ക് നേതൃത്വം നൽകിയത് രാജ്യത്തിന്റെ മുൻ ഇന്റലിജൻസ് തലവനാണെന്ന് വെളിപ്പെടുത്തൽ. മുൻ ഇന്റലിജൻസ് മേധാവിയായ മേജർ ജനറൽ സുരേഷ് സാല്ലെയാണ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രിയായ ആനന്ദ വിജേപാല പാർലമെന്റിൽ വെളിപ്പെടുത്തിയത്. ഈസ്റ്റർദിന ഭീകരാക്രമണത്തിൽ സുരേഷ് സാല്ലെയുടെ പങ്ക് വെളിപ്പെടുത്തുന്ന ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്.

2019-ലെ ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലെ വിവിധ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണങ്ങളിൽ 279 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തെ നടുക്കിയ ഈ കൊടുംക്രൂരതയ്ക്ക് പിന്നിൽ മുൻ ഇന്റലിജൻസ് മേധാവിയുടെ സഹായവും ആസൂത്രണവും ഉണ്ടെന്നാണ് ശ്രീലങ്കൻ മന്ത്രി ഇപ്പോൾ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.

തീവ്രവാദികളുമായി മുൻ ഇന്റലിജൻസ് മേധാവി ഗൂഢാലോചന നടത്തിയെന്നും ഇവരെ ആക്രമണത്തിലേക്ക് നയിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങൾ അറിയാനായി ആക്രമണത്തിന് മൂന്നാഴ്ച മുൻപ് സുരേഷ് സാല്ലെ ഇസ്ലാമിക തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തിന് സഹായം നൽകുകയും പ്രേരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റംചുമത്തി കഴിഞ്ഞ ഫെബ്രുവരിയിൽ സുരേഷ് സാല്ലെയെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ജയിലിൽ കഴിയുന്ന സുരേഷ് സാല്ലെ നിരാഹാര സമരം ആരംഭിച്ചതായും ഇതേത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി അറിയിച്ചു.

ഈസ്റ്റർദിന ഭീകരാക്രമണത്തിൽ സുരേഷ് സാല്ലെയ്ക്ക് പങ്കുണ്ടെന്ന് മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തിയെങ്കിലും മുൻ ഇന്റലിജൻസ് മേധാവിയുടെ അഭിഭാഷകൻ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അതിനിടെ, സുരേഷ് സാല്ലെയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളും ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.

ഗോതബായ രജപക്‌സെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയാണ് ശ്രീലങ്കയുടെ ചാരസംഘടനയായ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ(SIS) മേധാവിയായി സുരേഷ് സാല്ലെയെ നിയമിച്ചത്.

2019-ലെ തിരഞ്ഞെടുപ്പിൽ രജപക്‌സെയ്്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനാണ് ഭീകരാക്രമണം നടത്തിയതെന്നാണ് പ്രധാന ആരോപണം. ഭീകരാക്രമണത്തിന് രണ്ടുദിവസത്തിന് ശേഷമാണ് രജപക്‌സെ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇസ്ലാമിക ഭീകരവാദത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. തുടർന്ന് അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടുകയുംചെയ്തു.

സാല്ലെയെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെ മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയും ചോദ്യംചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതിനുമുന്നോടിയായി മുൻ പ്രസിഡന്റ് രാജ്യംവിട്ട് പോകുന്നത് തടഞ്ഞുള്ള കോടതി ഉത്തരവുകളും അന്വേഷണസംഘം നേടിയെടുത്തിട്ടുണ്ട്.

Content Highlights: Minister Ananda Wijepala confirms Suresh Sallay's involvement in the 2019 attacks., Intelligence chief allegedly conspired with extremists three weeks prior to the bombings., The attack was allegedly used to create a political climate favoring Gotabaya Rajapaksa's 2019 election victory., Suresh Sallay is currently under arrest and on a hunger strike., Authorities are initiating investigations into former President Gotabaya Rajapaksa.