സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 68 ആയി; മരണസംഖ്യ ഉയരാൻ സാധ്യത

മാഡ്രിഡ്: സ്പെയിനിൽ അതിവേഗ തീവണ്ടികൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണസംഖ്യ 68 ആയി ഉയർന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്കു പരുക്കേറ്റിട്ടുമുണ്ട്. മധ്യ സ്പെയിനിലെ ടൊളേഡോ പ്രവിശ്യയിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെയാണ് അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ട്രെയിൻ മുന്നിലുണ്ടായിരുന്ന ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ മുന്നിൽപോയ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളംതെറ്റി. അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കൃത്യമായ കാരണവും പരിക്കേറ്റവരുടെ ആകെ എണ്ണവും വ്യക്തമായിട്ടില്ലെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
അപകടത്തെ തുടർന്ന് തലസ്ഥാനമായ മാഡ്രിഡിനെ സിയുഡാഡ് റിയൽ, അന്ദലൂസിയ എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവീസുകൾ പൂർണമായി തടസ്സപ്പെട്ടു. ഈ റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി സ്പെയിനിലെ റെയിൽ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്ററായ എഡിഐഎഫ് സ്ഥിരീകരിച്ചു.
ട്രെയിൻ അപകടത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാരും ദുരന്തനിവാരണ സേനകളും രംഗത്തുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
Content Highlights: A high-speed train collision in Toledo province, Spain, has resulted in 68 deaths and the complete suspension of rail services along the Madrid-Andalusia route.