വീടുകള്‍ക്ക് തൊട്ടുമുകളിലൂടെ പറന്ന് ചെറുവിമാനം; ഒടുവില്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി | വീഡിയോ

വിമാനം വീടുകൾക്ക് മുകളിലൂടെ പറക്കുന്നതിന്റേയും ഇടിച്ചിറങ്ങുന്നതിന്റേയും ദൃശ്യങ്ങൾ | Photo: Screen grab / AP
വിമാനം വീടുകൾക്ക് മുകളിലൂടെ പറക്കുന്നതിന്റേയും ഇടിച്ചിറങ്ങുന്നതിന്റേയും ദൃശ്യങ്ങൾ | Photo: Screen grab / AP

സിഡ്‌നി: വീടുകള്‍ക്ക് തൊട്ടരികിലൂടെ പറന്ന ചെറുയാത്രാവിമാനം ഒടുവില്‍ ഇടിച്ചിറക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സെസ്‌ന 210 മോഡല്‍ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പ്രദേശത്തെ വീടുകളുടെ മേല്‍ക്കൂര തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ അപകടകരമായി പറക്കുന്നതിന്റേയും പിന്നീട് വിമാനത്താവളത്തില്‍ ഇടിച്ചിറക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

മേയ് 26-ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ ബാങ്ക്‌സ്ടൗണ്‍ വിമാനത്താവളത്തിലാണ് വിമാനം ഇടിച്ചിറങ്ങിയത്. ഇടിച്ചിറങ്ങിയ ഉടന്‍ വിമാനത്തില്‍ നിന്ന് പൈലറ്റും യാത്രക്കാരിയും പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. റണ്‍വേയിലല്ല, മറിച്ച് ടാക്‌സിവേയിലാണ് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത്. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തിന് സമീപം മറ്റ് വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

ജെയ്ക്ക് സ്വാനെപോള്‍ എന്നയാളാണ് വിമാനം പറത്തിയിരുന്നത്. എഞ്ചിന്‍ തകരാറായതോടെയാണ് വിമാനത്തിന് ഇടിച്ചിറങ്ങേണ്ട സാഹചര്യമുണ്ടായത്. എഞ്ചിന്‍ പ്രവര്‍ത്തിക്കാതെ വിമാനം ആ സമയത്ത് ഗ്ലൈഡ് ചെയ്യുകയായിരുന്നുവെന്ന് ജെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്നാണ് കരുതിയതെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി കരിന്‍ പറഞ്ഞു. പേടിപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്നും അവര്‍ ഓര്‍ത്തെടുത്തു.

അപകടത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അറിയിച്ചു. 2008-ല്‍ ബാങ്ക്‌സ്ടൗണ്‍ വിമാനത്താവളത്തിന് സമീപം ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. കൂട്ടിയിടിച്ചശേഷം ഒരു വിമാനം സമീപത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട്ടില്‍ ഈസമയം ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

Content Highlights: Watch video: Small plane flies near houses before dramatic crash landing in Sydney, Australia