‘ഹസീനയുടെ വിചാരണ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ, ബംഗ്ലാദേശിനെ കിഴക്കൻ പാകിസ്താൻ ആക്കി മാറ്റാൻ ശ്രമം’

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ വിചാരണ മുൻകൂട്ടി തയ്യാറാക്കിയ വ്യാജ തിരക്കഥയാണെന്ന് ബംഗ്ലാദേശ് മുൻ വിവരസാങ്കേതിക വകുപ്പ് മന്ത്രിയും അവാമി ലീഗ് നേതാവുമായ മുഹമ്മദ് അലി അറഫത്ത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിനെ കിഴക്കൻ പാകിസ്താൻ ആക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും ഹസീനയുടെ അടുത്ത അനുയായിയായ അദ്ദേഹം ആരോപിച്ചു.
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കപട വിചാരണയാണ് നടന്നതെന്നും നടപടിക്രമങ്ങൾ മുഴുവൻ നിയന്ത്രിച്ചത് മുഹമ്മദ് യൂനുസും ഭരണകൂടവുമാണെന്നും മുഹമ്മദ് അലി അറഫത്ത് എൻഡിടിവിയോട് പറഞ്ഞു. രാജ്യം ജിഹാദികളുടെ കയ്യിലായിരിക്കുന്നു, യൂനുസാണ് അവർക്ക് നേതൃത്വം നൽകുന്നത്. ജനങ്ങളുടെ സഹായത്തോടെ, രാഷ്ട്രീയപരമായി ഈ സംഘത്തെ മുഴുവൻ നമ്മൾ പരാജയപ്പെടുത്തണം. ജമാഅത്തെ ഇസ്‌ലാമി ഭരണരംഗത്ത് നുഴഞ്ഞുകയറിയിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജ്യത്തെ തീവ്രവൽക്കരിക്കാൻ ശ്രമിക്കുകയാണ്. അവർ ബംഗ്ലാദേശിനെ കിഴക്കൻ പാകിസ്താൻ ആക്കി മാറ്റാൻ ശ്രമിക്കുന്നു. യൂനുസ് അധികാരം പിടിച്ചെടുക്കുന്നത് തുടരാൻ ജിഹാദികളിൽ നിന്നാണ് പിന്തുണ നേടുന്നത്. ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഫലം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അവർ അവാമി ലീഗിനെ മാത്രമല്ല, മറ്റ് പുരോഗമന പാർട്ടികളെയും തടയുകയാണ്. അവാമി ലീഗിന് രണ്ടുകോടിയിലധികം സജീവ അംഗങ്ങളുണ്ട്. ബംഗ്ലാദേശിലെ ഏറ്റവും വലിയ പാർട്ടിയാണിത്. ബംഗ്ലാദേശ് എന്ന രാജ്യം നിലവിൽ വരാൻ കാരണം അവാമി ലീഗാണ്. പാർട്ടിയെ അടിച്ചമർത്താൻ ശ്രമിച്ചാൽ സ്വാഭാവികമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. തിരിച്ചടി നേരിടേണ്ടി വരും. അടിച്ചമർത്തൽ ശ്രമം 1971-ൽ വിലപ്പോയില്ല. ഇപ്പോഴും വിലപ്പോവുകയില്ല. അദ്ദേഹം പറഞ്ഞു.
Content Highlights: Former Bangladesh minister slams Sheikh Hasina`s death sentence trial as scripted and sham. Claims interim govt led by Muhammad Yunus is rigging elections and radicalizing the nation.