'ഈശ്വരന്‍ എനിക്ക് ആയുസ് നീട്ടിത്തന്നതിന് കാരണമുണ്ട്, ഒരുദിവസം വരും, രാജ്യത്ത് മടങ്ങിയെത്തും'

ന്യൂഡല്‍ഹി: ഈശ്വരന്‍ തനിക്ക് ആയുസ് നീട്ടിത്തന്നതിന് ഒരു കാരണമുണ്ടെന്നും അവാമി ലീഗ് അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന ദിവസം വരുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് മടങ്ങിവരുമെന്നും അവർ വ്യക്തമാക്കി. ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ അവാമി ലീഗിന്റെ അധ്യക്ഷ കൂടിയായ ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. സാമൂഹികമാധ്യമത്തിലൂടെ കുടുംബാംഗങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും സംവദിക്കുകയായിരുന്നു അവര്‍. ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനിസിനെതിരേയും ഹസീന പരാമര്‍ശങ്ങള്‍ നടത്തി. ഒരിക്കലും ജനങ്ങളെ സ്‌നേഹിക്കാത്ത ഒരാള്‍ എന്ന് അവര്‍ യൂനിസിനെ വിശേഷിപ്പിച്ചു. അയാള്‍ ചെറിയ തുകകള്‍ ഉയര്‍ന്ന പലിശയ്ക്ക് വായ്പയ്ക്ക് കൊടുത്ത് ആ പണമുപയോഗിച്ച് വിദേശത്ത് ആഡംബരജീവിതം നയിച്ചു. അയാളുടെ കാപട്യം അന്ന് ഞങ്ങള്‍ തിരിച്ചറിയാത്തതിനാല്‍ ഞങ്ങളയാളെ കണക്കറ്റ് സഹായിച്ചു. പക്ഷേ ജനങ്ങള്‍ക്ക് അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടായില്ല. സ്വന്തം നേട്ടത്തിനായി അയാള്‍ നന്നായി പ്രവര്‍ത്തിച്ചു. പിന്നെ അയാള്‍ക്ക് അധികാരത്തോട് ഭ്രമമായി. ആ അധികാരമോഹമാണ് ബംഗ്ലാദേശിനെ എരിയിച്ചുകൊണ്ടിരിക്കുന്നത്, ഷെയ്ഖ് ഹസീന പറഞ്ഞു.
വികസനത്തിന്റെ മാതൃകയായി എല്ലാവരും കണ്ടിരുന്ന ബംഗ്ലാദേശ് ഇപ്പോള്‍ ഒരു ഭീകരരാഷ്ട്രമായി മാറിയിരിക്കുകയാണെന്ന് മുന്‍പ്രധാനമന്ത്രി ആരോപിച്ചു. അവാമി ലീഗ് പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങി തങ്ങളെ അനുകൂലിക്കുന്നവരെയെല്ലാം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടക്കുന്നതായും അവര്‍ കൊല്ലപ്പെടുന്നതായും ഷെയ്ഖ് ഹസീന പറഞ്ഞു. ബലാല്‍സംഗം, കൊലപാതകം, കൊള്ള ഇവയെല്ലാം രാജ്യത്ത് നടക്കുന്നതായും എന്നാല്‍ ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അവാമി ലീഗ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുമായി സംവദിക്കുന്നതിനിടെ തന്റെ മാതാപിതാക്കളും സമാനമായ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടതെന്നും ഈശ്വരകൃപയാല്‍ താന്‍ രാജ്യത്ത് ഉടനെ മടങ്ങിയെത്തുമെന്നും അവര്‍ പ്രസ്താവിച്ചു.
Content Highlights: Former Bangladesh PM Sheikh Hasina, currently in India, condemns attacks on Awami League members