ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം; പാസ്പോർട്ടും തിരിച്ചറിയൽ കാർഡും ആവശ്യപ്പെട്ട് ഷെയ്ഖ് ഹസീന

#ന്യൂസ് ഡെസ്ക്
ഷെയ്ഖ് ഹസീന | Photo: PTI
ഷെയ്ഖ് ഹസീന | Photo: PTI

ന്യൂഡൽഹി: ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ നിന്ന് പുതിയ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും ആവശ്യപ്പെട്ടു.

2024 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷമുള്ള ഹസീനയുടെ ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്. ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്‌സ് ചേമ്പേഴ്‌സിലെ ഹസീനയുടെ അഭിഭാഷകർ തിങ്കളാഴ്ച ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിംഗ് ഹൈക്കമ്മിഷണർ പ്രീതി റഹ്‌മാന് കത്ത് നൽകി. തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ആവശ്യമായ രേഖകൾ നൽകണമെന്ന് അഭ്യർത്ഥിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നാടുവിട്ടതിനുശേഷം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയുടെ പാസ്പോർട്ടും നാഷണൽ ഐഡന്റിറ്റി കാർഡും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ബംഗ്ലാദേശി പാസ്പോർട്ടും നാഷണൽ ഐഡന്റിറ്റി കാർഡും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അവരുടെ അഭിഭാഷകർ അഭ്യർത്ഥിച്ചിരിക്കുന്നത്.

ബംഗ്ലാദേശി പൗരത്വവും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളും ഉദ്ധരിച്ച് അപേക്ഷകളിൽ 'വേഗത്തിൽ' നടപടികൾ എടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ച് പോയി കോടതിയിൽ കീഴടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം തിരിച്ചുവരുന്ന കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്നും അവരുടെ സഹായികൾ അറിയിച്ചു.

വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ മാരകമായ അടിച്ചമർത്തൽ ഉത്തരവിട്ടതിന് 2025 നവംബറിൽ ബംഗ്ലാദേശിലെ യുദ്ധക്കുറ്റ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹസീനയുടെ തിരിച്ചുവരവ് ബംഗ്ലാദേശിൽ പുതിയ രാഷ്ട്രീയ, നിയമപരമായ സംഘർഷങ്ങൾക്ക് കാരണമായേക്കാം.

2024 ജൂണിൽ വിവാദമായ സർക്കാർ ജോലി സംവരണ സമ്പ്രദായത്തിനെതിരെ ആരംഭിച്ച ആഴ്ചകൾ നീണ്ടുനിന്ന പ്രതിഷേധങ്ങളെ തുടർന്നാണ് ഹസീനയ്ക്ക് നാടുവിടേണ്ടി വന്നത്. 1971 ലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻതലമുറക്കാർക്കായി സർക്കാർ ജോലികളുടെ 30 ശതമാനം മാറ്റിവെക്കുന്ന സംവരണ സമ്പ്രദായം ബംഗ്ലാദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെ തുടർന്ന് പ്രക്ഷോഭം കൂടുതൽ തീവ്രമാകുകയായിരുന്നു.

മെറിറ്റ് അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്മെന്റ് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അമിത ബലപ്രയോഗം, തൊഴിലില്ലായ്മ ആശങ്കകൾ, ഭരണത്തിലെ അഴിമതി ആരോപണങ്ങൾ എന്നിവയ്ക്കിടയിൽ സമരം അക്രമാസക്തമാകുകയായിരുന്നു.

പ്രക്ഷോഭകർക്ക് നേരെ നടന്ന അടിച്ചമർത്തൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ നടപടികൾ പ്രതിഷേധം കൂടുതൽ രൂക്ഷമാക്കി, വിദ്യാർഥി നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ ഹസീനയുടെ രാജി ആവശ്യപ്പെടുന്ന രാജ്യവ്യാപകമായ കാമ്പെയ്നായി മാറ്റി. 2024 ഓഗസ്റ്റ് 5 ന് ആയിരക്കണക്കിന് ആളുകൾ ധാക്കയിലേക്ക് മാർച്ച് ചെയ്തപ്പോൾ, ഹസീന രാജിവെച്ച് ഒരു സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തു.

ഹസീനയുടെ പുറത്താക്കലിന് പിന്നാലെ ബംഗ്ലാദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്ന അവാമി ലീഗിനെ നിരോധിച്ചു. ഇതിന്റെ പല നേതാക്കളെയും അണികളെയും അറസ്റ്റ് ചെയ്യുകയും മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഹസീന തുടരുന്നത് ഉഭയകക്ഷി ബന്ധത്തിലും തർക്കവിഷയമായി തുടരുന്നുണ്ട്.

Content Highlights: Sheikh Hasina requested a new passport and national ID from the Bangladesh embassy in Delhi., Her legal team cited citizenship rights and international human rights obligations for swift processing., She plans to return to Bangladesh to surrender in court following a 2025 war crimes tribunal death sentence., Her return could trigger fresh political and legal tensions in Bangladesh.