‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണചെയ്യും?’; യുഎൻ ആസ്ഥാനത്ത് ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പാക് പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര ആസ്ഥാനത്ത് നടക്കുന്ന 81-ാമത് ഐക്യരാഷ്ട്ര പൊതുസഭയ്ക്കിടെ എത്തുന്നു. | Photo: CHARLY TRIBALLEAU / AFP
പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര ആസ്ഥാനത്ത് നടക്കുന്ന 81-ാമത് ഐക്യരാഷ്ട്ര പൊതുസഭയ്ക്കിടെ എത്തുന്നു. | Photo: CHARLY TRIBALLEAU / AFP

ന്യൂയോർക്ക്: ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയീദിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാധ്യമങ്ങൾ പാക് പ്രധാനമന്ത്രിയോട് ഇക്കാര്യങ്ങൾ ആരാഞ്ഞത്.

‘പ്രധാനമന്ത്രീ, എപ്പോഴാണ് നിങ്ങൾ ഭീകരർക്ക് സംരക്ഷണം നൽകുന്നത് നിർത്തുനത്?’, വ്യാഴാഴ്ച യു.എൻ. ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ പാക് പ്രധാനമന്ത്രിയോട് ചോദിച്ചു. പക്ഷേ, അദ്ദേഹം പ്രതികരിച്ചില്ല. പിന്നീട് യു.എൻ. ആസ്ഥാനത്ത് നിന്ന് മടങ്ങുമ്പോഴും മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചു. ‘ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ എപ്പോഴാണ് വിചാരണ ചെയ്യുന്നത്?’ എന്ന് വീണ്ടും ചോദ്യം ഉയർന്നെങ്കിലും ഷെഹ്ബാസ് ഷെരീഫ് മറുപടി പറയാൻ തയ്യാറായില്ല.

നിരോധിത ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകനായ ഹാഫിസ് മുഹമ്മദ് സയീദിനെ 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. 2008-ലെ മുംബൈ 26/11 ഭീകരാക്രമണ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് ഹാഫിസ് സയീദ്.

കൂടാതെ, 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണം നടത്തിയത് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കറെ തൊയ്ബയുടെ സംഘമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുന്ന എൻഐഎയുടെ അനുബന്ധ കുറ്റപത്രത്തിൽ ഹാഫിസ് സയീദിനെ എട്ടാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.