മാർക്കോ റൂബിയോയ്ക്ക് പകരം സെർജിയോ ഗോർ? യു.എസ് ഭരണകൂടത്തിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തെത്തുടർന്ന്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ നേതൃസ്ഥാനങ്ങളിൽ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. നിലവിലെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പകരക്കാരനായി ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറിനെ പരിഗണിക്കുന്നതായാണ് സൂചന.
സ്റ്റേറ്റ് സെക്രട്ടറി പദവിക്ക് പുറമെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്കും ഗോറിന്റെ പേര് ചർച്ചകളിൽ ഉയരുന്നുണ്ട്. ഭരണകൂടത്തിലെ 10 പ്രമുഖരെ ഉദ്ധരിച്ച് 'ദി വാഷിങ്ടൺ സൺ' പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിനായി തയ്യാറെടുക്കാൻ റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
അതേസമയം, ഈ വാർത്തകൾ സെർജിയോ ഗോർ തള്ളി. തനിക്ക് മറ്റ് പദവികളിൽ താല്പര്യമില്ലെന്നും മാർക്കോ റൂബിയോ പകരം വെക്കാനില്ലാത്ത മികച്ച സ്റ്റേറ്റ് സെക്രട്ടറിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടുണ്ട്.
2025 നവംബർ മുതൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറാണ് സെർജിയോ ഗോർ. ദക്ഷിണ-മധ്യ ഏഷ്യൻ മേഖലകളിലെ അമേരിക്കയുടെ പ്രത്യേക ദൂതൻ കൂടിയാണ് അദ്ദേഹം. ട്രംപുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഗോർ, അന്താരാഷ്ട്ര തലത്തിൽ സുപ്രധാന നയതന്ത്ര സ്വാധീനമുള്ള വ്യക്തിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Reports indicate potential leadership changes in Donald Trump's administration following mid-term election setbacks., US Ambassador to India Sergio Gor is rumored to replace Marco Rubio as Secretary of State., Sergio Gor and the US State Department have strongly denied these rumors., Gor currently serves as the US Ambassador to India and Special Envoy for South and Central Asian affairs.