സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ച് രാജിവെച്ചു

ബെൽഗ്രേഡ്: സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ച് രാജിവെച്ചു. വരുന്ന ഒക്ടോബർ 25-ന് നടക്കാനിരിക്കുന്ന അടിയന്തര പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് കാലാവധി തികയ്ക്കുന്നതിന് എട്ട് മാസം മുമ്പ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.
സെർബിയൻ ഭരണഘടന അനുസരിച്ച് തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ വിലക്കുള്ളതിനാലാണ് ഭരണകക്ഷിയായ 'സർബിയൻ പ്രോഗ്രസീവ് പാർട്ടി'യെ (SNS) നയിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താനാണ് വൂചിച്ച് ലക്ഷ്യമിടുന്നത്. വൂചിച്ചിന്റെ രാജിയെത്തുടർന്ന് പാർലമെന്റ് സ്പീക്കറും മുൻ പ്രധാനമന്ത്രിയുമായ അന ബ്രനാബിച്ച് താത്കാലിക പ്രസിഡന്റായി ചുമതലയേറ്റു.
ഭരണഘടനാപരമായ വിലക്കുകളും രാജ്യത്ത് കത്തിപ്പടരുന്ന ജനരോഷവുമാണ് വുചിച്ചിനെ ഈ രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചത്. 2024 നവംബറിൽ സെർബിയൻ വടക്കൻ നഗരമായ നോവി സാദിലെ റെയിൽവേ സ്റ്റേഷനിൽ കൂറ്റൻ മേൽക്കൂര തകർന്നു വീണ് 16 പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. നിർമാണത്തിലെ അഴിമതിയും ഭരണകൂടത്തിന്റെ വീഴ്ചയുമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് സർവകലാശാലാ വിദ്യാർത്ഥികൾ തെരുവിലിറങ്ങി.
ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള അതിശക്തമായൊരു ബഹുജന പ്രസ്ഥാനമായി ഈ വിദ്യാർത്ഥി മുന്നേറ്റം ചുരുങ്ങിയ നാളുകൾകൊണ്ട് വളർന്നു. കഴിഞ്ഞ 14 വർഷമായി വൂചിച്ച് നടത്തുന്ന ഏകാധിപത്യപരമായ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജനങ്ങൾ ഇന്ന് തെരുവിലുള്ളത്.ഈ പ്രക്ഷോഭം വൂചിച്ചിന്റെ 14 വർഷത്തെ ഭരണത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഒക്ടോബർ 25-ലെ തിരഞ്ഞെടുപ്പിൽ ഭരണപക്ഷവും അക്കാദമീഷ്യൻമാരും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന പ്രക്ഷോഭകരുടെ സഖ്യവും തമ്മിൽ ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിദേശ ശക്തികളുടെ ഇടപെടലുണ്ടാകുമെന്ന് വൂചിച്ച് ആരോപണമുന്നയിച്ചിട്ടുണ്ട്.
Content Highlights: Serbian President Aleksandar Vucic resigned eight months before finishing his term., He aims to run for Prime Minister in the October 25 snap parliamentary election., Parliament Speaker Ana Brnabic has taken over as interim president., Resignation follows mounting public protests over the Novi Sad railway station tragedy and corruption allegations.