താലിബാനെ ഭീകരസംഘടനകളുടെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാം; നിയമം പാസാക്കി റഷ്യ

Vladimir Putin | Photo : Kristina Kormilitsyna / POOL / AFP
Vladimir Putin | Photo : Kristina Kormilitsyna / POOL / AFP

മോസ്‌കോ: ഭീകര സംഘടനകളായി പ്രഖ്യാപിച്ച ഗ്രൂപ്പുകളുടെ നിരോധനം താല്‍ക്കാലികമായി തടയാന്‍ കോടതികളെ അനുവദിക്കുന്ന നിയമം റഷ്യന്‍ പാര്‍ലമെന്റ് പാസാക്കി. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായും സിറിയില്‍ അധികാരത്തിലെത്തിയ പുതിയനേതൃത്വവുമായുമുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് വഴിയൊരുക്കുന്നതാണ് പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ദുമ പാസാക്കിയ പുതിയ നിയമം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന സംഘടനകളെ കോടതിയുടെ ഉത്തരവോടെ നിരോധിത പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിയമം അനുവദിക്കുന്നു. 

20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങിയതിനേത്തുടര്‍ന്ന് 2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ നിലവില്‍ ഒരു രാജ്യവും അംഗീകരിക്കുന്നില്ല. എന്നാല്‍ റഷ്യ പടിപടിയായി താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തി വരികയാണ്. ഭീകരതയ്ക്കെതിരായ പോരാടുന്നതില്‍ താലിബാന്‍ സഖ്യകക്ഷിയാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ പറയുകയും ചെയ്തിരുന്നു. 

2003 ഫെബ്രുവരിയിലാണ് താലിബാനെ റഷ്യ നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പിന്നീട് 2020-ലാണ് സിറിയന്‍ വിമതസംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാ (എച്ച്.ടി.എസ്.)മിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിയമം കൊണ്ടുവന്നെങ്കിലും താലിബാന്‍ സര്‍ക്കാരിനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 

ഇതിനിടെ, അസദിനെതിരായ അട്ടിമറിക്ക് നേതൃത്വം നല്‍കിയ സിറിയന്‍ തീവ്രവാദ എച്ച്.ടി.എസിനെ നിരോധിത സംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് രാജ്യത്ത് നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. സ്ഥിരത ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ തടയാനും പുതിയ സിറിയന്‍ നേതൃത്വവുമായി റഷ്യക്ക് ബന്ധം ആവശ്യമാണെന്ന് റഷ്യയുടെ മുസ്ലീം മേഖലയായ ചെച്നിയയുടെ നേതാവ് റംസാന്‍ കാദിറോവ് ആവ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികള്‍. 

Content Highlights: Russian law paves way to recognise Taliban and potentially Syria's HTS