റഷ്യയുടെയും യുക്രൈന്റെയും അപായ മുന്നറിയിപ്പ് ആപ്പുകളിൽ വൻ സൈബർ ആക്രമണം; വ്യാജസന്ദേശങ്ങൾ പ്രചരിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

മോസ്കോ: റഷ്യയുടെയും യുക്രൈന്റെയും അടിയന്തര അപായ മുന്നറിയിപ്പ് നൽകുന്ന മൊബൈൽ ആപ്ലിക്കേഷനുകൾക്കുനേരെ വൻ സൈബർ ആക്രമണം. ഡ്രോൺ ആക്രമണങ്ങളും മറ്റ് ഭീഷണികളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ രൂപകൽപ്പന ചെയ്ത തങ്ങളുടെ മൊബൈൽ ആപ്പിന് നേരെ വൻ സൈബർ ആക്രമണമുണ്ടായതായി റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി.

'റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പിന് നേരെ വൻ സൈബർ ആക്രമണമുണ്ടായെന്നും പൊതുജനങ്ങളിലേക്ക് വ്യാജ സന്ദേശങ്ങൾ അയക്കാൻ ആക്രമണകാരികൾക്ക് കഴിഞ്ഞുവെന്നും' റഷ്യയം അറിയിച്ചു. തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധർ പ്രവർത്തിച്ചുവരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

തങ്ങളുടെ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമായ 'എയർ അലാം' ആപ്പിൽ ശത്രുക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് യുക്രൈൻ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവന്നത്. യുക്രൈന്റെ 'എയർ അലാം' ആപ്പിൽ റേഡിയേഷൻ ഭീഷണിയെക്കുറിച്ചുള്ള വ്യാജ മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടെന്നാണ് വ്യോമസേന പറയുന്നത്.

ഞായറാഴ്ച വൈകീട്ടോടെയാണ് ആപ്പിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടാകാമെന്ന് യുക്രൈൻ വ്യോമസേന അറിയിച്ചത്. തങ്ങളുടെ എയർ അലാം ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി യുക്രൈൻ വ്യോമസേനാ വക്താവ് യൂറി ഇഗ്നാട്ട് വാർത്താ ഏജൻസിയായ എ.എഫ്.പിയോട് സ്ഥിരീകരിച്ചു.

ഈ സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് യുക്രൈന്റെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കേന്ദ്രം തങ്ങളുടെ എക്സ് പോസ്റ്റിലൂടെ ആരോപിച്ചു. എന്നാൽ, യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് മാത്രമായി പ്രവർത്തിക്കുന്ന പ്രത്യേക ആപ്പ് ഇപ്പോഴും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കീവ് നഗര അധികൃതർ വ്യക്തമാക്കി.