റഷ്യയിൽ ഡ്രോൺ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു; എണ്ണശുദ്ധീകരണശാലയ്ക്ക് കേടുപാട്

#ന്യൂസ് ഡെസ്ക്
ഡ്രോൺ ആക്രമണത്തെത്തുടർന്ന്, മോസ്കോയിലെ എണ്ണ ശുദ്ധീകരണശാലയിൽ നിന്ന് തീയും പുകയും ഉയരുന്നു | Photo: AP
ഡ്രോൺ ആക്രമണത്തെത്തുടർന്ന്, മോസ്കോയിലെ എണ്ണ ശുദ്ധീകരണശാലയിൽ നിന്ന് തീയും പുകയും ഉയരുന്നു | Photo: AP

മോസ്കോ: പാർലമെന്റ് തിരഞ്ഞെടുപ്പിനിടയിൽ റഷ്യയിൽ വൻ ഡ്രോൺ ആക്രമണം. മോസ്കോയിലും സമീപപ്രദേശങ്ങളിലുമായി നടന്ന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും പ്രധാനപ്പെട്ട എണ്ണശുദ്ധീകരണശാലയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇരുരാജ്യങ്ങളും പരസ്പരം ഊർജ നിലയങ്ങളെ ലക്ഷ്യമിടില്ലെന്ന് യുക്രൈനും റഷ്യയും സമ്മതിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. മോസ്കോ ലക്ഷ്യമിട്ട് നീങ്ങിയ 450 ഡ്രോണുകൾ ഉൾപ്പെടെ 1,600-ലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി മേയർ സെർജി സോബിയാനിൻ പറഞ്ഞു.

പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ 26 വർഷത്തെ ഭരണനിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനാണ് യുക്രൈൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

44 വയസ്സുള്ള ഒരു സ്ത്രീയും പ്രായമായ ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 21 നില കെട്ടിടത്തിലേക്ക് ഡ്രോൺ ഇടിച്ചുകയറി തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് 400-ഓളം ആളുകളെ ഒഴിപ്പിച്ചു. മോസ്കോ ഓയിൽ റിഫൈനറിയുടെ സമുച്ചയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

അതേസമയം, ആക്രമണങ്ങളെ പ്രശംസിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി രംഗത്തെത്തി. ആക്രമണം വലിയ പ്രത്യാഘാതമുണ്ടാക്കിയെന്നും യുദ്ധത്തിന് ഫണ്ട് നൽകുന്ന റഷ്യയുടെ എണ്ണമേഖലയിലെയും ലോജിസ്റ്റിക്സിലെയും പ്രധാന കേന്ദ്രങ്ങൾക്ക് ആഘാതമേറ്റെന്നും അദ്ദേഹം എക്സിൽ കുറിച്ചു.