'ഏറ്റവും സുരക്ഷിതമായ രീതിയില്‍ കൊണ്ടുപോയി'; അസദിനെ രാജ്യം വിടാന്‍ സഹായിച്ചതായി സ്ഥിരീകരിച്ച് റഷ്യ

മോസ്‌കോ: വിമതസംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ രാജ്യം വിടാന്‍ സഹായിച്ചതായി സ്ഥിരീകരിച്ച് റഷ്യ. വിമതര്‍ രാജ്യം പിടിച്ചടക്കിയതിനേത്തുടര്‍ന്ന് അസദിനെ മോസ്‌കോയിലേക്ക് 'സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയില്‍' കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് അവകാശപ്പെട്ടു. അസദ് സുരക്ഷിതനാണെന്നും എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
റഷ്യ, അസദിനെ വിചാരണയ്ക്കായി കൈമാറുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ച കണ്‍വെന്‍ഷനില്‍ റഷ്യ ഒരു കക്ഷിയല്ലെന്നാണ് സെര്‍ജി റിയാബ്‌കോവ് മറുപടി പറഞ്ഞത്. ആഭ്യന്തര യുദ്ധത്തില്‍ അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു റഷ്യ. 50 വര്‍ഷത്തിലേറെയായി സിറിയ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭരണം നിലനിര്‍ത്താന്‍ അവര്‍ കൈ അയച്ചു സഹായിച്ചിരുന്നു.
ഇതിനിടെ ബാഷര്‍ അല്‍ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. വിമതര്‍ക്കു നേതൃത്വം നല്‍കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയൊന്നുകാരനായ അല്‍ ബഷീര്‍. എന്‍ജിനീയറായ ഇദ്ദേഹത്തിന് ഇഡ്ലിബ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദമുണ്ട്. 2025 മാര്‍ച്ച് ഒന്നുവരെയാണ് അല്‍ ബഷീറിന്റെ കാലാവധി.
അതിനിടെ, വിമതര്‍ കൈയടക്കാതിരിക്കാന്‍ എന്നുപറഞ്ഞ് സിറിയന്‍ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ ചൊവ്വാഴ്ചയും വ്യോമാക്രമണം തുടര്‍ന്നു. ഡമാസ്‌കസിനടുത്തുവരെയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രയേല്‍സൈന്യം നിഷേധിച്ചു. സിറിയയ്ക്കുള്ളില്‍ 400 ചതുരശ്രകിലോമീറ്റര്‍വരുന്ന കരുതല്‍മേഖലയ്ക്കപ്പുറം കടന്നിട്ടില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. 1973-ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ ഈ പ്രദേശം പിടിച്ചെടുത്തത്.
Content Highlights: Russia transported Assad from Syria to Moscow, confirms minister