‘ബാലറ്റ് പെട്ടികൾ തുറന്നനിലയിൽ’; പുതിന്റെ മുന്നേറ്റത്തിനിടെ പരാതികൾ; ഫലം അംഗീകരിക്കരുതെന്ന് യുക്രൈൻ

#ന്യൂസ് ഡെസ്ക്
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഓൺലൈനായി വോട്ട് രേഖപ്പെടുത്തുന്നു | ഫോട്ടോ: AFP
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഓൺലൈനായി വോട്ട് രേഖപ്പെടുത്തുന്നു | ഫോട്ടോ: AFP

മോസ്‌കോ: യുക്രൈൻ യുദ്ധം ആരംഭിച്ചശേഷമുള്ള റഷ്യയിലെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി വൻവിജയത്തിലേക്ക്. കാര്യമായ പ്രതിപക്ഷ എതിരാളികളില്ലാതെ നടന്ന വോട്ടെടുപ്പിന്റെ ഭാഗിക ഫലം പുറത്തുവന്നപ്പോൾ പാർട്ടി 57.5 ശതമാനം വോട്ടുനേടി.

പാർലമെന്റായ 450 അംഗ ‘ഡ്യൂമ’യിലേക്ക് മൂന്നുദിവസങ്ങളിലായി നടന്ന വോട്ടെടുപ്പ് ഞായറാഴ്ചയാണ് പൂർത്തിയായത്. 56.66 ശതമാനം പോളിങ് രേഖപ്പെടുത്തി. കമ്യൂണിസ്റ്റ് പാർട്ടി, എൽ.ഡി.പി.ആർ., ന്യൂ പീപ്പിൾ, ജസ്റ്റ് റഷ്യ തുടങ്ങിയ പാർട്ടികൾ വോട്ട് വിഹിതത്തിൽ ഏറെ പിന്നിലാണ്. തന്റെ നയങ്ങൾക്കും നാലുവർഷം പിന്നിട്ട യുക്രൈൻ യുദ്ധത്തിനുമുള്ള ജനഹിതം പരിശോധിക്കുന്നതിനുള്ള അവസരമെന്നാണ് പ്രസിഡന്റ് വ്ളാദിമിർ പുതിൻ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.

2022-ൽ യുദ്ധമാരംഭിച്ചശേഷം യുക്രൈനിൽനിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്ത നാല് പ്രവിശ്യകളിലും 2014-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയയിലും റഷ്യ ഇക്കുറി വോട്ടെടുപ്പ് നടത്തി. ഈ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നാരോപിച്ച യുക്രൈൻ, ഫലം അംഗീകരിക്കരുതെന്ന് മറ്റുരാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി ചില പ്രതിപക്ഷപാർട്ടികളും നിരീക്ഷകരും ആരോപിച്ചു. ബാലറ്റ് പെട്ടികൾ തുറന്നനിലയിൽ കണ്ടെത്തിയതുൾപ്പെടെയുള്ള പരാതികളാണ് ഉയർന്നത്.

യുദ്ധത്തെ പരസ്യമായി വിമർശിച്ച യാബ്ലോകോ പാർട്ടിയെ ബാലറ്റിൽനിന്ന് ഒഴിവാക്കിയും യുദ്ധവിരുദ്ധരായ നേതാക്കളെ വിലക്കിയും ജയിലിലടച്ചുമാണ് പുതിൻ ഭരണകൂടം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണകൂടവേട്ടയാടലിനെത്തുടർന്ന് പല നേതാക്കളും പ്രവാസത്തിലാണ്.

തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം റഷ്യൻനഗരങ്ങളിലേക്ക് യുക്രൈൻ വ്യാപക ഡ്രോൺ ആക്രമണം നടത്തി. യുദ്ധമാരംഭിച്ചത്തോടെ യുക്രൈനിൽ പട്ടാളനിയമം പ്രാബല്യത്തിലായതിനാൽ അവിടെ ഇതുവരെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

Content Highlights: United Russia party wins 57.5% of the vote in the first parliamentary election since the Ukraine war., Voting took place for the 450-seat State Duma with a 56.66% voter turnout., Elections were controversially held in illegally annexed Ukrainian provinces and Crimea., Opposition parties accused the government of irregularities, ballot tampering, and suppressing anti-war candidates.