യുഎസ് ഉപരോധത്തിന് ഇറാന്റെ 'കാസ്പിയൻ ചെക്ക്'; വഴങ്ങില്ല, മെരുങ്ങില്ല കൂട്ടിന് റഷ്യയും

വാഷിംഗ്ടൺ/മോസ്‌കോ: ഇറാന് മേലുള്ള അമേരിക്കൻ നാവിക ഉപരോധം പരാജയപ്പെടുത്തിക്കൊണ്ട് കാസ്പിയൻ കടൽ വഴി റഷ്യ ഇറാനിലേക്ക് വലിയ തോതിൽ സൈനിക-വാണിജ്യ സഹായങ്ങൾ എത്തിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനയേക്കാൾ ഉപരിയായി റഷ്യയാണ് ഇപ്പോൾ ഇറാന്റെ നിലനിൽപ്പിനും സൈനികശേഷിക്കും പിന്നിലെ പ്രധാന ചാലകശക്തിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2018-ലെ ഉടമ്പടി പ്രകാരം കാസ്പിയൻ കടലിന്റെ അതിർത്തി പങ്കിടുന്ന അഞ്ച് രാജ്യങ്ങൾക്ക് (റഷ്യ, ഇറാൻ, അസർബൈജാൻ, കസാക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ) മാത്രമാണ് ഇതിൽ അവകാശമുള്ളത്. അമേരിക്കൻ നാവികസേനയ്‌ക്കോ നാറ്റോ സഖ്യത്തിനോ ഇവിടേക്ക് പ്രവേശിക്കാനോ കപ്പലുകൾ തടയാനോ നിയമപരമായി സാധിക്കില്ല. ഇതാണ് റഷ്യയ്ക്കും ഇറാനും തങ്ങളുടെ നീക്കങ്ങൾ സുഗമമാക്കാൻ വഴിയൊരുക്കുന്നത്.
2018-ൽ ഒപ്പുവെച്ച 'കൺവെൻഷൻ ഓൺ ദി ലീഗൽ സ്റ്റാറ്റസ് ഓഫ് ദി കാസ്പിയൻ സീ' (Convention on the Legal Status of the Caspian Sea) എന്ന ഉടമ്പടി പ്രകാരം, കാസ്പിയൻ കടലിന്റെ തീരത്തുള്ള അഞ്ച് രാജ്യങ്ങൾക്ക് മാത്രമാണ് ഈ മേഖലയിൽ പ്രത്യേക അധികാരമുള്ളത്. ഈ ഉടമ്പടി പ്രകാരം, തീരദേശ രാജ്യങ്ങൾ അല്ലാത്ത മറ്റ് രാജ്യങ്ങളുടെ സൈന്യത്തിന് കാസ്പിയൻ കടലിൽ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു. ഈ അഞ്ച് രാജ്യങ്ങൾക്ക് മാത്രമേ അവിടെ സൈനിക സേനയെ നിലനിർത്താൻ അനുവാദമുള്ളൂ.
അമേരിക്കൻ നാവികസേനയ്‌ക്കോ നാറ്റോ (NATO) സഖ്യത്തിനോ കാസ്പിയൻ കടലിൽ പ്രവേശിക്കാനോ പട്രോളിംഗ് നടത്താനോ അവിടെയുള്ള കപ്പലുകളെ തടയാനോ ഉള്ള നിയമപരമായ അവകാശമില്ല. പഴുതുകളില്ലാത്ത ഈ നിയമപരമായ സംരക്ഷണം കാരണം, അമേരിക്കൻ നയതന്ത്രജ്ഞർ കാസ്പിയൻ കടലിനെ ഒരു 'ജിയോപൊളിറ്റിക്കൽ ബ്ലാക്ക് ഹോൾ' (Geopolitical black hole) അല്ലെങ്കിൽ ഒരു 'ബ്ലൈൻഡ് സ്‌പോട്ട്' ആയാണ് വിശേഷിപ്പിക്കുന്നത്. ഈ സാധ്യതയാണ് ഇറാൻ പ്രയോജനപ്പെടുത്തുന്നത്.
യുഎസ്സുമായും ഇറാനുമായുള്ള യുദ്ധത്തിനിടെ ഇറാന്റെ തകർക്കപ്പെട്ട ഡ്രോൺ ശേഖരം പുനർനിർമ്മിക്കുന്നതിന് ആവശ്യമായ ഭാഗങ്ങൾ റഷ്യ കാസ്പിയൻ കടൽ വഴി എത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിരീക്ഷണങ്ങളിൽനിന്ന് രക്ഷപ്പെടാനായി 'ഷാഡോ ഫ്‌ലീറ്റ്' (Shadow Fleet) എന്ന് വിളിക്കപ്പെടുന്ന തിരിച്ചറിയൽ സംവിധാനങ്ങൾ ഓഫാക്കിയ കപ്പലുകളിലൂടെയാണ് ഇറാനിലേക്ക് സഹായമെത്തുന്നത്. കപ്പലുകൾ അവയുടെ സ്ഥാനവും സഞ്ചാരപഥവും വെളിപ്പെടുത്തുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്താണ് യാത്ര ചെയ്യുന്നത്. ഉപഗ്രഹ നിരീക്ഷണങ്ങളെ മറികടക്കുന്നതിന് വേണ്ടിയാണ് ഈ രീതി അവലംഭിക്കുന്നത്.
സൈനിക സഹായത്തിന് പുറമെ ഇറാന്റെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിലും റഷ്യ വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഏകദേശം 60 ലക്ഷം ടൺ ധാന്യമാണ് ഇറാൻ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തത്, ഇത് മുൻവർഷത്തേക്കാൾ ഇരട്ടിയാണ്. കാസ്പിയൻ കടൽ വഴിയുള്ള ഈ ഇറക്കുമതിയാണ് ഇറാനെ നിലവിൽ പിടിച്ചുനിർത്തുന്നത്. പേർഷ്യൻ ഗൾഫിലെ അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാന്റെ കാസ്പിയൻ തുറമുഖങ്ങളായ ബന്ദർ അൻസാലി (Bandar Anzali), അമീറാബാദ് (Amirabad) എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ തുറമുഖങ്ങളായ അസ്ട്രഖാൻ (Astrakhan), മഖച്കല (Makhachkala) എന്നിവ വഴിയാണ് ഇറാനിലേക്ക് ചരക്ക് നീക്കം നടക്കുന്നത്.
നേരത്തെ യുദ്ധത്തിനിടെ ഇറാന്റെ ബന്ദർ അൻസാലിയിലെ നാവിക ആസ്ഥാനത്ത് ഇസ്രായേൽ ആക്രമണം നടത്തുകയും ഇറാന്റെ കാസ്പിയൻ കപ്പലുകളിൽ പകുതിയോളം നശിപ്പിക്കുകയും ചെയ്തിരുന്നു. കാസ്പിയൻ കടലിലുണ്ടായിരുന്ന ഇറാന്റെ യുദ്ധക്കപ്പലുകളുടെയും പട്രോൾ വെസലുകളുടെയും പകുതിയോളം ഈ ആക്രമണത്തിൽ ഇല്ലാതായി. ഇത് ആ മേഖലയിലെ ഇറാന്റെ നാവിക ശക്തിയെ വലിയ തോതിൽ ദുർബലപ്പെടുത്തി. റഷ്യയിൽ നിന്ന് കാസ്പിയൻ കടൽ വഴി എത്തിച്ചിരുന്ന ഡ്രോൺ ഭാഗങ്ങൾ, വെടിമരുന്ന്, മറ്റ് സൈനിക ഹാർഡ്‌വെയറുകൾ എന്നിവയുടെ വിതരണത്തെ ഈ ആക്രമണം ബാധിച്ചു. കാസ്പിയൻ കടൽ ഒരു സുരക്ഷിത പാതയല്ലെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം.
പേർഷ്യൻ ഗൾഫിലെ ഉപരോധങ്ങൾ മറികടക്കാൻ റഷ്യയ്ക്കും ഇറാനും ഉപയോഗിക്കാവുന്ന സുരക്ഷിതമായ പാതയാണ് കാസ്പിയൻ കടൽ എന്ന ധാരണ തിരുത്താൻ ഈ ആക്രമണത്തിലൂടെ ഇസ്രയേലിന് സാധിച്ചു. ഇതിനെ 'ഏറ്റവും നിർണ്ണായകമായ' ആക്രമണങ്ങളിലൊന്നായാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. എന്നാൽ ഇതിന് പിന്നാലെ റഷ്യ ഇറാനുമായുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുകയും കൂടുതൽ സംയുക്ത അഭ്യാസങ്ങൾ നടത്തുകയും ചെയ്താണ് പ്രതികരിച്ചത്. സമീപകാല സംഘർഷങ്ങളിൽ ഇറാന്റെ അറ്റാക്ക് ഡ്രോൺ ശേഷിയുടെ ഏകദേശം 60 ശതമാനത്തോളം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കുറവ് നികത്താൻ ഇറാൻ ഇപ്പോൾ റഷ്യയിൽനിന്നുള്ള ഭാഗങ്ങളെയാണ് ആശ്രയിക്കുന്നത്.
Content Highlights: Russia provides military and commercial support to Iran via the Caspian Sea, circumventing US naval blockades., The 2018 Convention on the Legal Status of the Caspian Sea prevents NATO and US naval intervention., Iran uses a 'Shadow Fleet' with AIS transponders turned off to evade satellite surveillance., Russian grain exports to Iran doubled between July and February, securing Iran's food supply., Bandar Anzali and Amirabad ports act as critical hubs despite previous Israeli tactical strikes.