ഇറാനുമായുള്ള യുദ്ധത്തിലെ ഏക വിജയി റഷ്യ മാത്രമെന്ന് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ഇറാൻ യുദ്ധത്തിന്റെ ഏക വിജയി റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി അന്റോണിയോ കോസ്റ്റ. അമേരിക്ക-ഇസ്രായേൽ ആക്രമണവും ഇറാന്റെ തിരിച്ചടിയേയും തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയിൽ റഷ്യക്ക് വൻ സാമ്പത്തിക ലാഭം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിൽ നിന്ന് ശ്രദ്ധയും സൈനിക ശേഷികളും പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിട്ടത് റഷ്യക്ക് ഗുണം ചെയ്തു എന്നും യൂറോപ്യൻ കൗൺസിലിന്റെ അധ്യക്ഷൻ കൂടിയായ കോസ്റ്റ പറഞ്ഞു.
'ഇതുവരെ, ഈ യുദ്ധത്തിൽ ഒരു വിജയി മാത്രമേയുള്ളൂ, അത് റഷ്യയാണ്' അദ്ദേഹം ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ അംബാസഡർമാരോട് പറഞ്ഞു. എണ്ണ വില ഉയരുന്നത് വഴി റഷ്യക്ക് വലിയ ലാഭം ലഭിക്കുകയും അതിലൂടെയുള്ള പണം യുക്രൈനെതിരെയുള്ള സൈനിക നടപടികൾക്ക് ഉപയോഗിക്കുന്നുവെന്നും അന്റോണിയോ കോസ്റ്റ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ചതിനെ തുടർന്ന് ആഗോള തലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിയാണ് ഉയർന്നുവരുന്നത്. പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ചില രാജ്യങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ താത്കാലികമായി ഒഴിവാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തിങ്കളാഴ്ച പറയുകയുണ്ടായി.
ഏത് രാജ്യത്തിനുമേലുള്ള ഉപരോധമാണ് നീക്കുക എന്ന് ട്രംപ് വ്യക്തമാക്കിയില്ല, ഏത് ഉപരോധങ്ങളാണ് ഒഴിവാക്കുക എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും നൽകിയില്ല. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായുള്ള സംഭാഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്. യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യക്കുമേൽ യുഎസും പാശ്ചാത്യ രാജ്യങ്ങളും ഉപരോധമേർപ്പെടുത്തിയിരുന്നു.
യുക്രൈൻ യുദ്ധത്തിനുള്ള ധനസഹായം പരിമിതപ്പെടുത്തുന്നതിനായി പാശ്ചാത്യ ഉപരോധങ്ങളുടെ പ്രധാന ലക്ഷ്യം മോസ്‌കോയുടെ എണ്ണ വരുമാനം തടയുക എന്നതായിരുന്നു.
ബോംബുകളിലൂടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നേടാനാവില്ല. അന്താരാഷ്ട്ര നിയമം മാത്രമേ അവയെ പിന്തുണയ്ക്കൂവെന്നും യൂറോപ്യൻ യൂണിയൻ മേധാവി പറഞ്ഞു. 'പുതിയ യാഥാർത്ഥ്യം നമുക്ക് അറിയാം: റഷ്യ സമാധാനം ലംഘിക്കുന്നു, ചൈന വ്യാപാരം തടസ്സപ്പെടുത്തുന്നു, അമേരിക്ക അന്താരാഷ്ട്ര നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു' കോസ്റ്റ ഒരു പ്രസംഗത്തിൽ പറഞ്ഞു.
Content Highlights: Russia is profiting from the energy crisis caused by Middle East tensions., Military focus has shifted from Ukraine to the Middle East, aiding Russia