പുതിന്റെ വസതിയിലേക്ക് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ; പച്ചക്കള്ളമെന്ന് സെലൻസ്‌കി

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ വസതിയിലേക്ക് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുതിന്റെ നോവ്‌ഗൊറോഡ് മേഖലയിലെ ഒദ്യോഗിക വസതിയിലേക്കാണ് യുക്രൈൻ ആക്രമണം നടത്തിയതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് തിങ്കളാഴ്ച പറഞ്ഞു. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി പറഞ്ഞു.
നിലവിൽ നടക്കുന്ന സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് മാറ്റാൻ യുക്രൈന്റെ ആക്രമണം ഇടയാക്കിയേക്കുമെന്നും ലാവ്‌റോവിനെ ഉദ്ധരിച്ച് ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്തു. ഡിസംബർ 28, 29 തീയതികളിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രൈൻ 91 ദീർഘദൂര ഡ്രോണുകൾ അയച്ചെന്ന് ലവ്റോവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം 'ആ രാജ്യത്തിന്റെ ഭീകരവാദം' ആണെന്ന് പറഞ്ഞ ലവ്റോവ് ഈ നടപടി അപകടകരമാണെന്നും ഇതിന് മറുപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ആക്രമണം നടന്നത് എവിടെനിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും റഷ്യൻ സേന ഇതിന് തിരിച്ചടി നൽകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ആക്രമണം നടന്നതായി പറയപ്പെടുന്ന സമയത്ത് പുതിൻ വസതിയിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്നത് വ്യക്തമല്ല.
നാലുവർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ആക്രമണം നടന്നതെന്നും, ചർച്ചകളിൽ റഷ്യ തുടർന്നും പങ്കെടുക്കുമെങ്കിലും നിലപാടിൽ മാറ്റങ്ങളുണ്ടാകുമെന്നും ലാവ്‌റോവ് കൂട്ടിച്ചേർത്തു. അതേസമയം, റഷ്യയെ ആക്രമിച്ചു എന്ന വാർത്ത തെറ്റാണെന്നും റഷ്യയാണ് കീവിലെ സർക്കാർ കെട്ടിടങ്ങൾക്കുനേരെ നിലവിൽ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സെലൻസ്‌കി പറഞ്ഞു.
Content Highlights: Russia alleges Ukraine targeted Vladimir Putin`s residence with drones. Volodymyr Zelenskyycalls claims `lies,` warning Russia may be staging pretext for Kyiv strikes. Latest news.