പത്താം വയസ്സിൽ ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയ കുട്ടി; ട്രൂഡോയുടെ പിൻഗാമിയാകുമോ റൂബി ധല്ല?

ജസ്റ്റിന്‍ ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് വ്യവസായിയും മോഡലും സമൂഹ്യപ്രവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ റൂബി ധല്ല. 14 വയസ്സുമുതല്‍ ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റൂബി ധല്ല 2004 മുതല്‍ 2011 വരെ പാർലമെന്റ് അംഗമായി പ്രവര്‍ത്തിച്ചു. കനേഡയിന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് റൂബി ധല്ല. ഉയര്‍ന്ന നികുതി, വിലവര്‍ധന തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്നും സംരഭകരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ പരമാവധി പിന്തുണയേകുമെന്നും റൂബി ധല്ല പറഞ്ഞു. കൂടാതെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള സൗഹൃദവും വാണിജ്യ പങ്കാളിത്തവും മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും റൂബി കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍നിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ് കുടുംബത്തില്‍ 1974-ലാണ് റൂബിയുടെ ജനനം. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ പശ്ചാത്തലത്തില്‍ പത്താം വയസ്സില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയതാണ് റൂബി ധല്ലയെ പ്രശസ്തയാക്കുന്നത്. കത്തിന് മറുപടിയെഴുതിയ ഇന്ദിര ഗാന്ധി ഇന്ത്യയിലേക്ക് വരുമ്പോള്‍ തന്നെ നേരില്‍ കാണാന്‍ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, ധല്ല ഇന്ത്യയിലെത്തുന്നതിന് മുന്‍പ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു.
യൂണിവേഴ്‌സ്റ്റി ഓഫ് വിന്നിപെഗില്‍ ബയോ കെമിസ്ട്രിയില്‍ ബിരുദം നേടിയ ധല്ല കനേഡിയന്‍ മെമോറിയല്‍ കോളേജ് ഓഫ് കൈറോപ്രാക്ടിക്കില്‍ നിന്ന് ബിരുദാനന്ദര ബിരുദം നേടി. 1993-ല്‍ കനേഡിയ മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാനഡയില്‍ ചിത്രീകരിച്ച ക്യോന്‍ കിസ് ലിയേ എന്ന ഹിന്ദി സിനിമയില്‍ അഭിനയിച്ചു.
പ്രധാനമന്ത്രി പോള്‍ മാര്‍ട്ടിന്റെ നാമനിര്‍ദ്ദേശത്തിലാണ് 2004-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലിബറല്‍ പാര്‍ട്ടിയില്‍ തന്നെ ധല്ലയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പുണ്ടായി. അതെല്ലാം മറികടന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്റ്റാന്റിങ് കമ്മിറ്റി ഓണ്‍ ഹെല്‍ത്തിന്റെ ചുമതലയേറ്റു. തെക്കന്‍ ഏഷ്യയിലെ സുനാമി ദുരിതബാധിതര്‍ക്ക് ധനസമാഹരണത്തിന് ധല്ലയുടെ നേതൃത്വത്തില്‍ നടന്ന കാനഡ ഫോര്‍ ഏഷ്യ എന്ന സംഗീതസദസ്സ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള കനേഡിയന്‍ സര്‍ക്കാറിന്റെ ചര്‍ച്ചകളിലെല്ലാം ധല്ലയും ഭാഗമായിരുന്നു.
2009-ല്‍ ടൊറോന്റോ സ്റ്റാര്‍ എന്ന പത്രം റൂബി ധല്ലയ്‌ക്കെതിരേ ശക്തമായ ആരോപണവുമായി രംഗത്തുവന്നു. അനധികൃത കുടിയേറ്റക്കാരായ രണ്ടു സ്ത്രീകളെ അമ്മയെ പരിചരിക്കാന്‍ ജോലിക്കെടുത്തുവെന്നും അവരെ ഉപദ്രവിച്ചുവെന്നുമായിരുന്നു ആരോപണം. പ്രതിപക്ഷം ഇതേറ്റു പിടിച്ചതോടെ വലിയ വിവാദമായി. മാസങ്ങള്‍ നീണ്ട കോടതി വ്യവഹാരത്തിന് ശേഷം ധല്ല കുറ്റവിമുക്തയായി.
ഹെല്‍ത്ത് കെയര്‍ റിയല്‍ എസ്‌റ്റേറ്റ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധല്ല ഗ്രൂപ്പിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് റൂബി ധല്ല. സഹോദരന്‍ നീല്‍ ധല്ലയുടെ മരണശേഷമാണ് ധല്ല ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
Content Highlights: Who Is Rubi Dhalla? Indian origin making history by running for the leadership of the Liberal Party