മദ്യപിച്ച് ബഹളമുണ്ടാക്കി; ബിൻ ലാദനെ കൊന്ന നാവിക സേനാംഗം അറസ്റ്റിൽ

ഓസ്റ്റിന്‍(ടെക്‌സസ്): അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗവും ഭീകരവാദി നേതാവിനെ വെടിവച്ചു കൊന്നത് താനാണെന്ന് അവകാശപ്പെടുന്ന വ്യക്തിയുമായ യു.എസ്. മുന്‍ സേനാംഗം റോബേര്‍ട്ട് ജെ. ഒ നീല്‍ ടെക്‌സസില്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് ഇയാളെ പോലീസ് പിടികൂടിയത്. പിന്നീട് 3500 ഡോളറിന്റെ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.
2013-ല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയറിലൂടെ ലാദനെ വധിച്ചത് താനാണ് എന്ന അവകാശവാദവുമായി റോബേര്‍ട്ട് രംഗത്തെത്തിയത്. എന്നാല്‍ റോബേര്‍ട്ടിന്റെ വാദം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ യു.എസ്. സര്‍ക്കാര്‍ തയ്യാറായില്ല.
ഇതാദ്യമായല്ല മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുന്നത്. 2016-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായിരുന്നു. 2020-ല്‍ കോവിഡ് കാലത്ത് മാസ്‌ക് വെയ്ക്കാന്‍ വിസമ്മതിച്ചതിന് ഡെല്‍റ്റ എയര്‍ലൈന്‍സ് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: Robert O’Neill who killed Osama bin Laden arrested in Texas