ലൈസൻസില്ലാതെ വിമാനം പറത്തിയത് 16 വർഷം; അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 900-ലേറെ, പൈലറ്റ് അറസ്റ്റിൽ

ടൊറന്റോ: ലൈസൻസില്ലാതെ വർഷങ്ങളോളം വിമാനം പറത്തിയ റിട്ടയേഡ് പൈലറ്റ് അറസ്റ്റിൽ. കാനഡയിലാണ് സംഭവം. എയർ കാനഡ വിമാനക്കമ്പനിയിൽനിന്ന് വിരമിച്ച ജിയോഫ്രി വാൾ എന്നയാളാണ് പിടിയിലായത്. ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കാൻ ആവശ്യമായ ലൈസൻസ് ഇല്ലാതെ ആയിരുന്നു വാൾ, പതിനാറുകൊല്ലത്തിലധികം കാലം നൂറുകണക്കിന് വിമാനങ്ങൾ പറത്തിയതെന്ന് കനേഡിയൻ പോലീസ് പറഞ്ഞു. ജൂൺ ഒന്നാം തീയതിയാണ് വാൾ അറസ്റ്റിലായത്.
2009-നും 2025-നും ഇടയിൽ 900-ൽ അധികം വിമാനങ്ങൾ വാൾ പറത്തിയിട്ടുണ്ട്. ഇതിൽ ആഭ്യന്തര സർവീസുകളും അന്താരാഷ്ട്ര സർവീസുകളുമുണ്ട്. ലൈസൻസ് ഇല്ലാതെ, നിർബന്ധിത ടെസ്റ്റിന് വിധേയനാകാതെ ആയിരുന്നു വാൾ വിോമാനംപറത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
എയർ കാനഡയിൽ പൈലറ്റ് ഇൻ കമാൻഡ് ആയിരുന്ന സമയത്ത്, ബോയിങ്ങിന്റെ 767, 777, 787 വിമാനങ്ങൾ പറത്തിയിട്ടുള്ള വാൾ, ശമ്പളമായി മുപ്പത് ലക്ഷം കനേഡിയൻ ഡോളറും കൈപ്പറ്റിയതായി പീൽ റീജിയണൽ പോലീസ് ഡെപ്യൂട്ടി ചീഫ്, മിലിനോവിച്ച് പറഞ്ഞു.
എയർ കാനഡയിലെ 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ വാളിന് വാണിജ്യ വിമാനങ്ങൾ പറത്താനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും, 2009-ൽ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ആവശ്യമായിരുന്ന എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് ഫോർ എയ്റോപ്ലെയിൻസ് (ATPL-A) അദ്ദേഹം നേടിയിരുന്നില്ലെന്ന് മിലിനോവിച്ച് പറഞ്ഞു. ഫാമിലി മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ ലൈസൻസുള്ള ഡോക്ടർ ബ്രെയിൻ സർജറി ചെയ്യുന്നതിന് സമാനമായ സംഗതിയാണ് ഇവിടെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ൽ പതിവ് രേഖാപരിശോധനയ്ക്കിടെയാണ് വാളിന്റെ അയോഗ്യത വെളിപ്പെട്ടത്. പിന്നാലെ എയർ കാനഡ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നതിന് മുന്നേ 2025-ൽ വാൾ ജോലിയിൽനിന്ന് വിരമിച്ചിരുന്നു.
Content Highlights: Pilot Geoffrey Wall operated over 900 flights without the required ATPL-A license., The unauthorized flights occurred between 2009 and 2025., The discrepancy was discovered during a routine document audit in 2025., The pilot received approximately 3 million CAD in salary during the period he lacked the proper certification.