മാളിൽ കയറിയാൽ പാകിസ്താൻ പോലെ; ഇസ്ലാമിക കുടിയേറ്റം യുഎസിനെ നശിപ്പിക്കുന്നുവെന്ന് റിപ്പബ്ലിക്കൻ എംപി

#ന്യൂസ് ഡെസ്ക്
ബ്രൻഡൻ ഗില്‍ ഡൊണാൾഡ് ട്രംപിനൊപ്പം | Image credit: @RepBrandonGill FB Page
ബ്രൻഡൻ ഗില്‍ ഡൊണാൾഡ് ട്രംപിനൊപ്പം | Image credit: @RepBrandonGill FB Page

ടെക്‌സസ്: അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രൻഡൻ ഗിൽ. തന്റെ മണ്ഡലമായ ടെക്‌സസിലെ ചില ഭാഗങ്ങളിൽ ഇസ്ലാമികവൽക്കരണം സംഭവിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ചില മാളുകൾ സന്ദർശിക്കുമ്പോൾ 'ഡാലസിൽ അല്ല, പാകിസ്താനിൽ ആണെന്ന് തോന്നിപ്പോകുന്നു' എന്നും എംപി പറഞ്ഞു.

റിയൽ അമേരിക്കാസ് വോയ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഗില്ലിന്റെ ഈ പ്രസ്താവന. ഡാലസ് പ്രദേശത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ സാംസ്‌കാരിക സ്വഭാവത്തെ മാറ്റിമറിച്ചതായി അദ്ദേഹം ആരോപിച്ചു.

'അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു. തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു. അതിനുപിന്നാലെ അവിടെയുള്ള ജനങ്ങളെല്ലാം മതംമാറ്റത്തിലേക്ക് നയിക്കപ്പെടുന്നു. അതുകൊണ്ടാണ് ആ പ്രദേശത്ത് ഇസ്ലാമികവൽക്കരണം നടക്കുന്നതായി ഞാൻ പറയുന്നത്.' ഗിൽ വ്യക്തമാക്കി. 

തന്റെ മണ്ഡലത്തിൽനിന്നുള്ള ആളുകൾ പതിവായി ഈ വിഷയത്തെക്കുറിച്ച് അത്യധികം വിഷമത്തോടെ തന്നോട് സംസാരിക്കാറുള്ളതായി ഗിൽ പറഞ്ഞു. തങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും മാറിക്കൊണ്ടിരിക്കുന്നതായി താമസക്കാർക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'പ്രദേശത്തെ മാളുകളിൽ പോകുമ്പോൾ തോന്നുന്നത് അത് ടെക്‌സസിലെ ഡാലസ് ആണ് എന്നല്ല, മറിച്ച്, പാകിസ്താൻ ആണെന്നാണ്. അതൊരു പ്രശ്‌നമാണ്.' അദ്ദേഹം പറഞ്ഞു.

ഗിൽ നടത്തിയ ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. തന്റെ വാദങ്ങളെ പിന്തുണയ്ക്കാൻ ഗിൽ ഏതെങ്കിലും തരത്തിലുള്ള ഡാറ്റയോ തെളിവുകളോ നൽകിയില്ലെന്നും അദ്ദേഹം മനഃപൂർവം പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയായിരുന്നുവെന്നും സോഷ്യൽമീഡിയ ഉപയോക്താക്കൾ കുറ്റപ്പെടുത്തി.

സമാനരീതിയിൽ വംശീയാധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ ഇതിനുമുമ്പും ഗില്ലും അദ്ദേഹത്തിന്റെ ഭാര്യ ഡാനിയേൽ ഡിസൂസ ഗില്ലും വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. ഇന്ത്യൻ വംശജയും യാഥാസ്ഥിതിക വ്യാഖ്യാതാവും ട്രംപ് അനുകൂലിയുമായ ദിനേഷ് ഡിസൂസയുടെ മകളാണ് ഡാനിയേൽ. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മാംദാനിയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങളാണ് അന്ന് ഈ ദമ്പതികളെ വിവാദത്തിലാക്കിയത്.

മാംദാനി കൈകൊണ്ട് ചോറുണ്ണുന്ന വീഡിയോ റീ-ഷെയർ ചെയ്തുകൊണ്ട്, 'അമേരിക്കയിലെ സംസ്‌കാരസമ്പന്നരായ ആളുകൾ ഇങ്ങനെയല്ല ഭക്ഷണം കഴിക്കുന്നത്. നിങ്ങൾക്ക് ഈ സംസ്‌കാരത്തിന് അനുസരിച്ച് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് തന്നെ തിരികെ പോകൂ.' എന്നായിരുന്നു ഗിൽ കുറിച്ചത്. ഇതിനെ ന്യായീകരിച്ച് താൻ എപ്പോഴും ഫോർക്ക് ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത് എന്നായിരുന്നു ഡാനിയേലിന്റെ വാദം.

ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട്, ഇന്ത്യ ഉൾപ്പെടെയുള്ള പല ദക്ഷിണേഷ്യൻ സംസ്‌കാരങ്ങളിലും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സാധാരണമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, ക്രിസ്തീയ വിശ്വാസപ്രകാരം അമേരിക്കൻ രീതിയിൽ വളർന്നതിന്റെ ഗുണഫലമായാണ് താൻ ഫോർക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന തലത്തിലേക്ക് വളർന്നത് എന്നായിരുന്നു അവർ വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞത്.

ടെക്‌സസിലെ 26-ാമത്തെ കോൺഗ്രഷണൽ ജില്ലയെ പ്രതിനിധീകരിക്കുന്ന എംപിയാണ് ബ്രൻഡൻ ഗിൽ. 2024-ൽ യുഎസ് ഹൗസ് ഓഫ് പ്രതിനിധികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിർത്തി സുരക്ഷ, യുഎസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക, സർക്കാർ ധൂർത്ത് കുറയ്ക്കുക എന്നിവയാണ് ഭരണരംഗത്തെ തന്റെ മുൻഗണനകൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

Content Highlights: US Congressman Brandon Gill claims parts of Texas feel like Pakistan, sparking backlash over `Islamisation` remarks. Learn about the controversy and criticism.