യുക്രൈന്‍ യുദ്ധത്തില്‍ ഒത്തുതീര്‍പ്പാകാം, പക്ഷെ സെലെൻസ്കിയെ മാറ്റണം- പുതിന്‍

മോസ്കോ: യുക്രൈന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വൊളോദിമിർ സെലെന്‍സ്‌കിയെ മാറ്റിയാല്‍ യുദ്ധത്തില്‍ ഒത്തുതീര്‍പ്പാകാമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുതിൻ. സെലെൻസ്കിയെ നീക്കി രാജ്യം മറ്റൊരു താൽക്കാലിക ഭരണ സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കിൽ യുദ്ധത്തിൽ ഒത്തുതീർപ്പിനെ കുറിച്ച് ചിന്തിക്കാമെന്നാണ് പുതിൻ മുന്നോട്ടുവെച്ച നിർദേശം.
യുദ്ധത്തിൽ ഒരു ഒത്തുതീർപ്പിലെത്തുന്നതിനും പ്രധാന കരാറുകളിൽ ഒപ്പുവെക്കാനും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുകയോ യുക്രൈനെ ഒരു താത്കാലിക ഭരണസംവിധാനത്തിന് കീഴിലാക്കുകയോ ചെയ്യണമെന്ന് പുതിൻ നിർദേശിച്ചതായി റഷ്യൻ വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്.
ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, എന്നിവരുടെ ആഭിമുഖ്യത്തിൽ യുക്രൈനിൽ ഒരു താത്കാലിക ഭരണ സംവിധാനം ഒരുക്കാൻ കഴിയും. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി ജനവിശ്വാസമുള്ള ഒരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതോടെ സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ കഴിയും. പുതിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിന് ഒരു പരിഹാരം കണ്ടെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്കിടയിലാണ് പുതിന്റെ പ്രതികരണം. റഷ്യയുമായി നേരിട്ട് ചർച്ചകൾ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾ മുൻഗാമിയായ ജോ ബൈഡനിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രസിഡന്റ് സമാധാനം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് പുതിൻ പറഞ്ഞു. ട്രംപ് സംഘർഷം അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പുതിൻ കൂട്ടിച്ചേർത്തു.
Content Highlights: Putin suggests temporary administration for Ukraine to end war