പോർച്ചുഗലിൽ ഇടത് നേതാവ് അന്റോണിയോ ജോസ് സെഗുറോ പ്രസിഡന്റാകും

ലിസ്ബൺ: പോർച്ചുഗലിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്ക് വിജയം. റൺ-ഓഫ് വോട്ടെടുപ്പിൽ സെന്റർ-ലെഫ്റ്റ് സ്ഥാനാർത്ഥിയായ അന്റോണിയോ ജോസ് സെഗുറോ വൻ വിജയം കുറിച്ചു. തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റ് നേതാവായ ആന്ദ്രെ വെഞ്ചുറയെ പരാജയപ്പെടുത്തിയാണ് സെഗുറോ പോർച്ചുഗലിന്റെ അടുത്ത പ്രസിഡന്റാകാൻ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ആർക്കും കൃത്യമായ ഭൂരിപക്ഷം (അതായത് 50 ശതമാനത്തിൽ കൂടുതൽ വോട്ട്) ലഭിക്കാതെ വരുമ്പോൾ, ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആദ്യത്തെ രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ നടത്തുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനെയാണ് റൺ ഓഫ് വോട്ടെടുപ്പ് (Run-off Election) എന്ന് പറയുന്നത്.
പോൾ ചെയ്തതിൽ 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, സെഗുറോ 66 ശതമാനം വോട്ടുകൾ നേടി വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. എതിർ സ്ഥാനാർത്ഥിയും 'ചെഗ' (Chega) പാർട്ടിയുടെ നേതാവുമായ ആന്ദ്രെ വെഞ്ചുറയ്ക്ക് 34 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. നിലവിലെ യാഥാസ്ഥിതിക പ്രസിഡന്റ് മാഴ്‌സലോ റെബെലോ ഡി സൂസയുടെ പിൻഗാമിയായാണ് മുൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവായ സെഗുറോ ഈ സ്ഥാനത്തേക്ക് എത്തുന്നത്.
63 വയസ്സുകാരനായ സെഗുറോയ്ക്ക് രാഷ്ട്രീയ ഭേദമന്യേ വിപുലമായ പിന്തുണയാണ് ലഭിച്ചത്. മിതവാദിവാദിയായ ഇദ്ദേഹത്തിന് തീവ്ര വലതുപക്ഷത്തെ തടയാനായി പല പ്രമുഖ യാഥാസ്ഥിതിക നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സോഷ്യലിസ്റ്റ് ഇതര വ്യക്തികൾ സെഗുറോയെ പിന്തുണച്ച് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ, നിലവിലെ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ രണ്ട് സ്ഥാനാർത്ഥികളെയും ഔദ്യോഗികമായി പിന്തുണയ്ക്കാൻ തയ്യാറായില്ല. വെഞ്ചുറയെ അദ്ദേഹം വംശീയവാദി എന്നും വർഗീയവാദി എന്നും നേരത്തെ വിശേഷിപ്പിച്ചിരുന്നു.
പോർച്ചുഗലിൽ പ്രസിഡന്റ് പദവി പ്രധാനമായും അലങ്കാരമാണെങ്കിലും, ചില നിർണ്ണായക അധികാരങ്ങൾ ഈ സ്ഥാനത്തിനുണ്ട്. പാർലമെന്റ് പിരിച്ചുവിടാനും സ്‌നാപ്പ് ഇലക്ഷൻ വിളിക്കാനുമുള്ള അധികാരം ഇതിൽ പ്രധാനമാണ്. കൂടാതെ നിയമനിർമ്മാണങ്ങളിൽ വീറ്റോ അധികാരം ഉപയോഗിക്കാനും പ്രസിഡന്റിന് സാധിക്കും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, 2019-ൽ മാത്രം രൂപീകൃതമായ വെഞ്ചുറയുടെ 'ചെഗ' പാർട്ടി കഴിഞ്ഞ വർഷം പോർച്ചുഗീസ് പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയത് രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങളെ സൂചിപ്പിക്കുന്നു.
Content Highlights: Left-wing candidate Antonio Guterres secures victory in Portugal`s presidential runoff election, defeating far-right populist Andre Ventura.