ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ തുടങ്ങി; പ്രാര്‍ഥനയോടെ വിശ്വാസികള്‍ | Live

ലിയോ പതിന്നാലാമൻ | Photo: Getty images
ലിയോ പതിന്നാലാമൻ | Photo: Getty images

ഗോള കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിന്നാലാമനെ മാര്‍പാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് വത്തിക്കാനില്‍ തുടങ്ങി. ലോകമെമ്പാടുനിന്നുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മേയ് എട്ടിനാണ് അദ്ദേഹത്തെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.

വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്‌. രണ്ടുമണിക്കൂറോളം ചടങ്ങ്‌ നീളും. ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ വിശ്വാസി സമൂഹം വത്തിക്കാനിലേക്ക് ഒഴുകിയെത്തി. മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിലെ ഏറ്റവും ധന്യമായ മൂഹൂര്‍ത്തം അധികാരചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും അണിയിക്കലാണ്.

സമാരംഭം

സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുള്ളിലാണ് ചടങ്ങുകളുടെ ആരംഭം. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ ശവകുടീരം, പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം മാര്‍പാപ്പ സന്ദര്‍ശിക്കും. അവിടെ പ്രാര്‍ഥന. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ) ആദ്യ മാര്‍പാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്.  തുടര്‍ന്ന് രണ്ട് ഡീക്കന്മാര്‍ പാലിയം, മുക്കുവന്റെ മോതിരം, ബൈബിള്‍ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്ന അള്‍ത്താരയിലേക്ക് പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കല്‍ ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍.

മൂന്ന് കര്‍ദിനാള്‍മാര്‍

സുവിശേഷവായനയ്ക്കുശേഷം ലിയോ പതിന്നാലാമനെ മാര്‍പാപ്പയുടെ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കും. മൂന്ന് ഭൂഖണ്ഡങ്ങളില്‍നിന്നുള്ള ഓരോ കര്‍ദിനാള്‍മാരാണ് ഇത് നിര്‍വഹിക്കുക. ആദ്യത്തെയാള്‍ ലിയോ പതിന്നാലാമനെ പാലിയം അണിയിക്കും. രണ്ടാമത്തെയാള്‍, മാര്‍പാപ്പയ്ക്ക് ദൈവികസഹായം തേടുന്ന പ്രാര്‍ഥന ചൊല്ലും. മൂന്നാംകര്‍ദിനാള്‍ പ്രാര്‍ഥനനടത്തി മുക്കുവന്റെ മോതിരം അണിയിക്കും.

വിധേയത്വപ്രഖ്യാപനം

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളുടെ പ്രതിനിധികളായി 12 പേര്‍ മാര്‍പാപ്പയോട് കൂറുപ്രഖ്യാപിക്കും.

മുക്കുവന്റെ മോതിരം

മോതിരത്തില്‍ വി. പത്രോസ് വഞ്ചിയിലിരുന്ന് വലവീശുന്ന ചിത്രവും, പാപ്പയുടെ പേരുമുണ്ടാകും. ആദ്യ മാര്‍പാപ്പയായ വി. പത്രോസ് മുക്കുവനായിരുന്നു. അതുകൊണ്ടാണ് 'മുക്കുവന്റെ മോതിരം' എന്ന് പേര്. മാര്‍പാപ്പ ദിവംഗതനായാലോ സ്ഥാനത്യാഗംചെയ്താലോ മോതിരം നശിപ്പിച്ചുകളയും.ഓരോ മാര്‍പാപ്പയ്ക്കും വേണ്ടി പുതിയതുണ്ടാക്കും. പരമ്പരാഗതമായി സ്വര്‍ണത്തിലാണ് ഇത് പണിയുക. വെള്ളിയിലുണ്ടാക്കി സ്വര്‍ണംപൂശാറുമുണ്ട്. ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്വര്‍ണമോതിരമാണ് അണിഞ്ഞത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ സ്വര്‍ണംപൂശിയ വെള്ളിമോതിരമാണ് തിരഞ്ഞെടുത്തത്.

പാലിയം

കഴുത്തിനുചുറ്റും അണിയുന്ന വെളുത്തതുണിയാണ് പാലിയം. ഇത് മാര്‍പാപ്പയുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ അണിയുന്ന തിരുവസ്ത്രത്തിന് മുകളിലായാണ് പാലിയം ധരിക്കുന്നത്. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളെ സൂചിപ്പിച്ച് അഞ്ച് കുരിശുകള്‍ പാലിയത്തിലുണ്ടാകും. യേശു എന്ന നല്ലയിടയനെയാണ് ഈ വസ്ത്രം ഓര്‍മിപ്പിക്കുന്നത്.

കുഞ്ഞാടിന്‍ രോമത്താല്‍

കുഞ്ഞാടുകളുടെ രോമംകൊണ്ടാണ് പാലിയം നെയ്യുന്നത്. ഓരോവര്‍ഷവും സെയ്ന്റ് ആഗ്നസിന്റെ തിരുനാളില്‍ ട്രെ ഫൊണ്ടെയ്‌നില്‍നിന്ന് രണ്ട് കുഞ്ഞാടുകളെ റോമിലെ സെയ്ന്റ് ആഗ്നസ് ബസിലിക്കയിലെത്തിക്കും. വി. പൗലോസ് രക്തസാക്ഷിത്വംവരിച്ചയിടമാണ് ട്രെ ഫൊണ്ടെയ്ന്‍ എന്നാണ് വിശ്വാസം. ബസിലിക്കയില്‍ കുഞ്ഞാടുകളെ ആശീര്‍വദിക്കും. അതുകഴിഞ്ഞ് മാര്‍പാപ്പയ്ക്ക് സമ്മാനിക്കും. ട്രസ്റ്റീവെരെയിലെ സെയ്ന്റ് സെസിലിയ ബസിലിക്കയിലെ ബെനഡിക്‌റ്റൈന്‍ കന്യാസ്ത്രീകള്‍ക്കാണ് ഇവയുടെ പരിപാലനച്ചുമതല. ഈസ്റ്ററിന് തൊട്ടുമുന്‍പ് ഇവയുടെ രോമം കത്രിക്കും. അതുപയോഗിച്ചാണ് പാലിയം തയ്യാറാക്കുക. പുതുതായി നിയമിതരാകുന്ന ആര്‍ച്ച്ബിഷപ്പുമാര്‍ക്കുള്ള പാലിയമുണ്ടാക്കുന്നതും ഇതില്‍നിന്നാണ്. 

ആ ഒന്നില്‍, നാമൊന്ന്

അഗസ്റ്റീനിയന്‍സഭയുടെ പാരമ്പര്യത്തിലൂന്നിയ മുദ്രയാണ് (കോട്ട് ഓഫ് ആംസ്) ലിയോ പതിന്നാലാമന്‍ തിരഞ്ഞെടുത്തത്. സഭയ്ക്കുള്ളിലെ ഐക്യവും ഒരുമയുംകൂടി സൂചിപ്പിക്കുന്നു അത്. ഒരുകോണില്‍നിന്ന് മറ്റേകോണിലേക്ക് വരച്ച രേഖകൊണ്ട് പരിചയെ വിഭജിച്ചിരിക്കുന്നു. മുകള്‍ഭാഗത്ത് നീലപശ്ചാത്തലത്തില്‍ വെള്ള ലില്ലിപ്പൂവ്. കീഴ്പാതിയില്‍ അടച്ചപുസ്തകത്തിനുമേലുള്ള ഹൃദയത്തെ തുളയ്ക്കുന്ന അമ്പ്. വി. അഗസ്റ്റിന്‍ തന്റെ ദൈവദര്‍ശനത്തെക്കുറിച്ച് പറഞ്ഞ വാക്യമാണ് (''വചനത്താല്‍ അവിടുന്നെന്റെ ഹൃദയം തുളച്ചു'') ഇതിന്റെ പശ്ചാത്തലം. മാര്‍പാപ്പയുടെ ആപ്തവാക്യത്തിലും അഗസ്റ്റീനിയന്‍ പാരമ്പര്യം പ്രതിഫലിക്കുന്നു. 'ആ ഒന്നില്‍ നാമൊന്ന്' എന്നര്‍ഥം വരുന്ന ലാറ്റിന്‍ വാചകമാണത്. 127-ാം സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള വി. അഗസ്റ്റിന്റെ ദര്‍ശനത്തില്‍നിന്നാണ് (''നാം ക്രിസ്ത്യാനികള്‍ ഒട്ടേറെയുണ്ടെങ്കിലും, ക്രിസ്തുവില്‍ നാം ഒന്നാണ്'') ഇത് സ്വീകരിച്ചിരിക്കുന്നത്.

Content Highlights: pope leo xiv installation