'ആത്മീയ പ്രതിസന്ധി നേരിട്ടു, 2021-ൽ വിജയിച്ച ഭാവത്തോടെ സാത്താനെ കണ്ടു'; ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്

റോം: ഫ്രാൻസിസ് മാർപ്പാപ്പയുടെ വ്യക്തിപരമായ അനുഭവങ്ങൾ വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. മാർപ്പാപ്പയുടെ അടുത്ത അനുയായിയും അർജന്റീനക്കാരനുമായ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ആണ് 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്' എന്ന പുസ്തകത്തിന്റെ രചയിതാവ്.
വിശ്വാസവും ക്ഷമയും സ്വർഗ്ഗരാജ്യത്തിന്റെ വാഗ്ദാനവും പ്രസംഗിച്ച മാർപ്പാപ്പ, തന്റെ ജീവിതത്തിൽ വലിയ ആത്മീയ പ്രതിസന്ധികളും സാത്താന്റെ ദർശനങ്ങളും നേരിട്ടിരുന്നതായി ഡയറി വെളിപ്പെടുത്തുന്നു. 1992 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ഈ ഡയറി എഴുതിയത്. അതിൽ 86 പേജുകൾ അർജന്റീനയിലായിരുന്നപ്പോഴും 55 പേജുകൾ മാർപ്പാപ്പ ആയിരിക്കുമ്പോഴുമാണ് കുറിച്ചത്.
അധികാരം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രലോഭനങ്ങളുമായി കഠിനമായി പോരാടുകയും, ദോഷം വരുത്താതിരിക്കാൻ ദൈവം തന്റെ ജീവൻ എടുക്കുന്നതാണ് നല്ലതെന്ന് തോന്നിയ നിലയിൽ ആത്മീയ പ്രതിസന്ധി അനുഭവിക്കുകയും ചെയ്തതായി പുസ്തകത്തിൽ പറയുന്നു. ബ്യൂണസ് ഐറീസിലെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ രണ്ടും മാർപ്പാപ്പയായിരിക്കുമ്പോൾ ഒന്നും ഉൾപ്പെടെ മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
തീപാറുന്ന കണ്ണുകളും ഭയപ്പെടുത്തുന്നതും പ്രലോഭിപ്പിക്കുന്നതുമായ സ്വഭാവവുമുള്ള സാത്താനെ അദ്ദേഹം കണ്ടതായി ഡയറി വിവരിക്കുന്നു. 2021 ജനുവരി 24-ലെ കുറിപ്പിൽ, വിജയിച്ച ഭാവത്തോടെ നിൽക്കുന്ന സാത്താനെ കണ്ടതായും 'ഇപ്പോൾ എനിക്ക് വേണ്ടതെല്ലാം എനിക്ക് ലഭിച്ചു' എന്ന് സാത്താൻ പറയുന്ന ശബ്ദം കേട്ടതായും അദ്ദേഹം കുറിച്ചിരിക്കുന്നു. അസുഖം ബാധിക്കുകയും രണ്ട് വർഷത്തോളം വൈകാരികമായ ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരികയും ചെയ്ത സംഭവം 'തിന്മയുടെ ശക്തികളുടെ ആക്രമണങ്ങൾ' മൂലമാണെന്ന് അദ്ദേഹം പറയുന്നു. ഒടുവിൽ 2024-ൽ കന്യാമറിയത്തോടുള്ള പ്രാർത്ഥനയിലൂടെയാണ് അദ്ദേഹം ആശ്വാസം കണ്ടെത്തിയത്. കൂടാതെ താൻ ദൈവത്തോട് സംസാരിച്ച നിമിഷങ്ങളെക്കുറിച്ചും ഡയറിയിൽ പരാമർശമുണ്ട്.
ആത്മീയ അനുഭവങ്ങൾക്ക് പുറമേ, വൈദികരുടെ ലൈംഗിക പീഡന ആരോപണങ്ങൾ മാർപ്പാപ്പ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന്റെ വിശദാംശങ്ങളും ഡയറിയിൽ അടങ്ങിയിരിക്കുന്നു. വൈദികനായിരുന്നപ്പോൾ നടന്ന പീഡനം മറച്ചുവെച്ചതിന് ആരോപണം നേരിട്ട ഒരു ബിഷപ്പിന്റെ കേസ് തള്ളിക്കളഞ്ഞതിന് ഫ്രാൻസിസ് മാർപ്പാപ്പ കടുത്ത വിമർശനം നേരിട്ടിരുന്നു. പിന്നീട് ഇതിൽ മാപ്പ് പറഞ്ഞ മാർപ്പാപ്പ, ബിഷപ്പുമാരെ റോമിലേക്ക് വിളിച്ചുവരുത്തുകയും, അവർ ഒന്നടങ്കം രാജി സമർപ്പിച്ചപ്പോൾ ഞെട്ടിപ്പോവുകയും ചെയ്തു.
'ചിലിയിലെ സാഹചര്യത്തെക്കുറിച്ചും വിമാനത്തിലെ മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണത്തെക്കുറിച്ചും ഓർത്ത് ഞാൻ തകർന്നുപോയി. തുടർന്ന് ഞാൻ കട്ടിലിൽനിന്ന് വീണു. ചിലിയിൽ സംഭവിച്ചത് അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് ഇത്രയും ഗൗരവമുള്ളതാണെന്ന് ഞാൻ കരുതിയില്ല.' 2018-ലെ ചിലി ലൈംഗിക ചൂഷണ കേസിനെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പിൽ പറയുന്നു.
കാരുണ്യം, ലാളിത്യം, ആഗോള കൂട്ടായ്മ എന്നിവയിലേക്ക് സഭയുടെ ശ്രദ്ധ തിരിച്ചുവിട്ട അദ്ദേഹം, അർജന്റീനയിൽനിന്നുള്ള ആദ്യത്തെ മാർപ്പാപ്പയും ആദ്യത്തെ ഈശോസഭാ (Jesuit) മാർപ്പാപ്പയും ആയിരത്തിലേറെ വർഷങ്ങൾക്കുശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ മാർപ്പാപ്പയുമായിരുന്നു. 2025 ഏപ്രിൽ 21-ന് 88-ാം വയസ്സിലാണ് അദ്ദേഹം ദിവംഗതനായത്.