രണ്ടാം ലോകയുദ്ധത്തർക്കം; പോളണ്ട്-യുക്രൈൻ ബന്ധം ഉലയുന്നു, പോളിഷ് അവാർഡുകൾ തിരികെനൽകി ഉദ്യോഗസ്ഥർ

കീവ്: രണ്ടാംലോകയുദ്ധകാലത്തെ കൂട്ടക്കൊലകളെച്ചൊല്ലി സഖ്യകക്ഷികളായ പോളണ്ടും യുക്രൈനും തമ്മിലുള്ള നയതന്ത്രതർക്കം രൂക്ഷമാകുന്നു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കുനൽകിയ പോളണ്ടിന്റെ പരമോന്നത ബഹുമതി പിൻവലിച്ചതിൽ പ്രതിഷേധിച്ച്, യുക്രൈനിലെ പ്രമുഖ ഉദ്യോഗസ്ഥർ തങ്ങൾക്കു ലഭിച്ച പോളിഷ് പുരസ്കാരങ്ങൾ കൂട്ടത്തോടെ തിരികെനൽകാൻ തീരുമാനിച്ചു.
സെലൻസ്കിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുക്രൈൻ വിദേശകാര്യ മന്ത്രി ആന്ദ്രേ സിബിഗ, രഹസ്യാന്വേഷണവിഭാഗം മേധാവി കിറിലോ ബുഡാനോവ്, പോളണ്ടിലെ യുക്രൈൻ സ്ഥാനപതി വാസിൽ ബോദ്നർ എന്നിവരാണ് തങ്ങൾക്ക് ലഭിച്ച പോളിഷ് ഓർഡർ ഓഫ് മെറിറ്റ് പുരസ്കാരങ്ങൾ തിരികെനൽകുമെന്ന് പ്രഖ്യാപിച്ചത്.
രണ്ടാം ലോകയുദ്ധകാലത്ത് പതിനായിരക്കണക്കിനു പോളിഷ് വംശജരെ കൂട്ടക്കൊലചെയ്ത ‘യുക്രൈനിയൻ ഇൻസർജന്റ് ആർമി’ (യു.പി.എ.) എന്ന ദേശീയവാദി സംഘടനയുടെ പേര് യുക്രൈൻ ഒരു സൈനിക യൂണിറ്റിന് നൽകിയതാണ് പോളണ്ടിനെ പ്രകോപിപ്പിച്ചത്. സെലൻസ്കിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച്, പോളണ്ടിന്റെ തീവ്ര വലതുപക്ഷ പ്രസിഡന്റായ കരോൾ നാവ്റോക്കി സെലൻസ്കിക്ക് നൽകിയിരുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഈഗിൾ’ റദ്ദാക്കുകയായിരുന്നു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും യുക്രൈനും ഇതിനെതിരേ രംഗത്തുവന്നിരുന്നെങ്കിലും തീരുമാനം റദ്ദാക്കാൻ പോളണ്ട് തയ്യാറായില്ല.
ഇന്നത്തെ യുക്രൈന്റെ ഭാഗമായ വൊളീനിയ മേഖലയിൽവെച്ച് 1943-നും 1945-നും ഇടയിൽ യു.പി.എ. സൈനികർ പോളണ്ട് പൗരരെ കൂട്ടക്കൊലചെയ്ത സംഭവമാണ് തർക്കത്തിന് ആധാരം. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് ഏറ്റവും വലിയ നയതന്ത്ര-സൈനിക പിന്തുണ നൽകുന്ന രാജ്യങ്ങളിലൊന്നാണ് പോളണ്ട് എന്നതിനാൽ നിലവിലെ ഭിന്നത അന്താരാഷ്ട്രതലത്തിൽ ചർച്ചയായിട്ടുണ്ട്. ഇത് റഷ്യക്ക് അനുകൂലമാകുമെന്നാണ് യുക്രൈൻ വിലയിരുത്തുന്നത്. റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് പോളണ്ടിന്റെ തീരുമാനം സ്വാഗതംചെയ്തു.
Content Highlights: Diplomatic tensions rise as Polish and Ukrainian officials return awards over WWII historical disputes.