‘മോദിയുടെ വാക്കിന് പുതിൻ വിലനൽകുന്നു’; യുക്രൈൻ ചർച്ചയിൽ ഇന്ത്യയുടെ പങ്കിനെ പുകഴ്ത്തി പോളിഷ് മന്ത്രി

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫിൽ ബാർട്ടോസെവ്സ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വലിയ വില നൽകുന്നുണ്ടെന്നും റഷ്യയെ സ്വാധീനിക്കാൻ കഴിവുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്നും റഷ്യയുമായി ഇന്ത്യക്ക് ദീർഘകാല ബന്ധമുണ്ടെന്നും ബാർട്ടോസെവ്സ്കി പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകം ഉറ്റുനോക്കുന്ന രാഷ്ട്രതന്ത്രജ്ഞനാണ്. റഷ്യൻ ഫെഡറേഷനുമായും അതിനുമുമ്പ് സോവിയറ്റ് യൂണിയനുമായും ചേരിചേരാ നയത്തിലൂടെ ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദി പറയുന്നത് പ്രസിഡന്റ് പുതിൻ ശ്രദ്ധിക്കാറുണ്ട്’- അദ്ദേഹം പറഞ്ഞു.
2022-ന്റെ അവസാനത്തിൽ യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി മോദി സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രസിഡന്റ് പുതിനിൽ സമ്മർദ്ദം ചെലുത്താനും സ്വാധീനം ചെലുത്താനും കഴിയുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് പ്രധാനമന്ത്രി മോദി. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് വ്യക്തമായും ഇടപെടാൻ കഴിയും’-അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പോളണ്ടും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതായും ബാർട്ടോസെവ്സ്കി പറഞ്ഞു. കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് റഷ്യയുടെ യുദ്ധസമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നു എന്നതിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇരുരാജ്യങ്ങളും പരസ്പരം നിലപാടുകൾ മനസ്സിലാക്കിയതിനാൽ അതൊരു ചർച്ചാവിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.