പിഒകെയില്‍ പാക് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി ജെന്‍ സീ; നേപ്പാളിലെയും ബംഗ്ലാദേശിലെയും വിപ്ലവങ്ങൾക്ക് സമാനം

പിഒകെയിൽ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾ | Image credit: @ShafiqAhmadAdv3 x video
പിഒകെയിൽ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾ | Image credit: @ShafiqAhmadAdv3 x video

ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ (പിഒകെ) പാകിസ്താന്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി ജെന്‍ സീ. അക്രമാസക്തമായ പ്രക്ഷോഭം നടന്ന് ആഴ്ചകള്‍ക്ക് ശേഷം മേഖലയില്‍ മറ്റൊരു പ്രതിഷേധം കൂടി ഉടലെടുത്തിരിക്കുകയാണ്. വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെച്ചൊല്ലി വിദ്യാര്‍ത്ഥികളടങ്ങുന്ന ജെന്‍ സീ തലമുറയാണ് ഇത്തവണ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഫീസ് വര്‍ദ്ധനവിനും മൂല്യനിര്‍ണയ പ്രക്രിയയ്ക്കും എതിരെ സമാധാനപരമായി ആരംഭിച്ച പ്രതിഷേധം, ഷഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇത് സംഘര്‍ഷഭരിതമായ ഈ മേഖലയിലെ ജെന്‍ സീ തലമുറക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അസംതൃപ്തിയെ വെളിവാക്കുന്നതാണ് എന്നാണ് വിലയിരുത്തല്‍.

പാക് അധീന കശ്മീരില്‍ ഈ മാസം ആദ്യം ആരംഭിച്ച പ്രതിഷേധങ്ങള്‍ ഏറെക്കുറെ സമാധാനപരമായിരുന്നു. എന്നാല്‍, അജ്ഞാതനായ തോക്കുധാരി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി. മുസാഫറാബാദില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഇപ്പോഴും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല.

പിഒകെയിലെ ജെന്‍ സീ പ്രതിഷേധം, പ്രദേശത്ത് നടന്നുവന്ന പ്രക്ഷോഭത്തില്‍ ഒരു വഴിത്തിരിവായി. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ടയറുകള്‍ കത്തിക്കുകയും, തീവെപ്പും നശീകരണ പ്രവര്‍ത്തനങ്ങളും നടത്തുകയും, പാകിസ്താന്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജെന്‍ സീ പ്രതിഷേധങ്ങള്‍ക്ക് സമാനമായിരുന്നു ഇത്.

മുസാഫറാബാദിലെ ഒരു പ്രമുഖ സര്‍വകലാശാലയിലാണ് ഫീസ് വര്‍ധനവിനെതിരെയും മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കുമായി പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ, സര്‍വകലാശാലാ ഭരണകൂടം ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ നിരോധിച്ചു.

2024 ജനുവരിയിലും സമാനമായ പ്രതിഷേധം നടന്നിരുന്നു. സെമസ്റ്റര്‍ ഫീസിന്റെ പേരില്‍ ഓരോ 3-4 മാസം കൂടുമ്പോഴും ലക്ഷക്കണക്കിന് രൂപ പിരിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അന്ന്, പിഒകെയിലെ അധ്യാപകരും മറ്റ് ജീവനക്കാരും ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.

ഇത്തവണ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ മെട്രിക്കുലേഷന്‍, ഇന്റര്‍മീഡിയറ്റ് തലങ്ങളില്‍ ഇ-മാര്‍ക്കിംഗ് അഥവാ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തിയതാണ് അവരുടെ പ്രധാന പരാതി.

ഒക്ടോബര്‍ 30-ന്, ആറ് മാസത്തെ കാലതാമസത്തിന് ശേഷം പിഒകെയില്‍ ഇന്റര്‍മീഡിയറ്റ് ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതി വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇ-മാര്‍ക്കിംഗ് സംവിധാനമാണ് ഇതിന് കാരണമെന്ന് അവര്‍ ആരോപിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചില സന്ദര്‍ഭങ്ങളില്‍, എഴുതാത്ത വിഷയങ്ങളില്‍ പോലും വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതേക്കുറിച്ച് വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം, മിര്‍പൂരിലെ വിദ്യാഭ്യാസ ബോര്‍ഡ് ഇ-മാര്‍ക്കിംഗ് പ്രക്രിയ വിലയിരുത്താന്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.

ഉത്തരക്കടലാസിന്റെ പുനഃപരിശോധനാ ഫീസ് ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഒരു വിഷയത്തിന് 1500 രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍, ഏഴ് വിഷയങ്ങളും പുനഃപരിശോധനയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 10,500 രൂപ നല്‍കേണ്ടിവരും. ലാഹോര്‍ പോലുള്ള പാകിസ്താനിലെ മറ്റ് പ്രധാനനഗരങ്ങളിലും ഈ വിഷയം ചലനമുണ്ടാക്കി. അവിടെ കഴിഞ്ഞ മാസം ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ ലാഹോര്‍ പ്രസ് ക്ലബ്ബിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

എന്നാല്‍, വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഇപ്പോള്‍ ക്ലാസ് മുറികള്‍ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, മോശം ആരോഗ്യ സംരക്ഷണം, ഗതാഗത സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം യുവാക്കളുടെ നിരാശ വര്‍ധിപ്പിച്ചിട്ടുണ്ട് എന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബറില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന, ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (JAAC) പിന്തുണയാണ് ഈ പ്രക്ഷോഭത്തിന് ശക്തി പകരുന്നത്. നികുതിയിളവ്, മാവിനും വൈദ്യുതിക്കും സബ്സിഡി, വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങിയ 30 ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച ഈ സംഘര്‍ഷത്തില്‍ 12-ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്താന്‍ സര്‍ക്കാര്‍ വെടിവെപ്പിലൂടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ, സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കും അഴിമതിക്കുമെതിരായ വ്യാപകമായ പ്രതിഷേധമായി ഇത് മാറുകയായിരുന്നു. ഇത് മേഖലയെ നിശ്ചലമാക്കി. ഒടുവില്‍, ഷെരീഫ് സര്‍ക്കാര്‍ വഴങ്ങുകയും പ്രതിഷേധക്കാരുമായി ഒരു കരാറില്‍ ഒപ്പുവെക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. അവരുടെ ചില പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Content Highlights: Gen Z students in Pakistan-Occupied Kashmir (POK) protest rising fees, e-marking system, and government policies. Unrest escalates with violence.