ഇറക്കുമതി തീരുവയിലടക്കം പ്രതികരിച്ച് US ഇന്റലിജന്‍സ് ഡയറക്ടര്‍; ഗംഗാജലം സമ്മാനിച്ച് മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്. ഖലിസ്ഥാനി ഭീകര സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെതിരെ അമേരിക്ക നടപടി സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. മഹാകുംഭമേള നടന്ന പ്രയാഗ്‌രാജില്‍നിന്ന് ശേഖരിച്ച ഗംഗാജലമാണ് ഗബ്ബാര്‍ഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്. പ്രധാനമന്ത്രിയുമായി അവര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
ഇന്ത്യ - യു.എസ് പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും ഭീകരവാദം നേരിടുന്നതിനെക്കുറിച്ചും, സൈബര്‍സുരക്ഷ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. നേരത്തെ ഇന്ത്യയും അമേരിക്കയ്ക്കും ഇടയിലുള്ള ഇറക്കുമതി തീരുവ അടക്കമുള്ള വിഷയങ്ങളില്‍ തുള്‍സി ഗബ്ബാര്‍ഡ് പ്രതികരിച്ചിരുന്നു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതല ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയ അവര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ സഹകരണം ശക്തമാക്കാനുള്ള അവസരമാണിതെന്ന് ചൂണ്ടിക്കാട്ടി. 'ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് പ്രധാനമന്ത്രി മോദി സ്വീകരിക്കുന്നത്. സമാനമായി അമേരിക്കയുടെയും അവിടുത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇറക്കുമതി തീരുവ അടക്കമുള്ളമുള്ള വിഷയങ്ങളില്‍ മികച്ച പരിഹാരമുണ്ടാക്കാനാണ് ട്രംപും മോദിയും ശ്രമിക്കുന്നത്-ഗബ്ബാര്‍ഡ് വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നവരുമാണ് ഇരുനേതാക്കളുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഭഗവദ് ഗീതയ്ക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ചും അവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഉപദേശമാണ് മാനസികവും തൊഴില്‍പരവുമായി സംഘര്‍ഷങ്ങള്‍ നേരിടുന്ന ഘട്ടങ്ങളില്‍ തന്റെ കരുത്തും മാര്‍ഗദീപവുമെന്ന് അവര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള യുദ്ധമേഖലകളിലായാലും മറ്റ് വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭങ്ങളിലും നല്ല സമയത്തും മോശം സമയങ്ങളിലുമെല്ലാം ഭഗവദ് ഗീത തനിക്ക് കരുത്തേകുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു.
ഇന്ത്യാ വിരുദ്ധ ശക്തികള്‍ അമേരിക്കന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്നകാര്യം ഖലിസ്ഥാനി ഭീകരരെ പരാമര്‍ശിച്ചുകൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരത്തെ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിവിധരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ ഇന്ത്യയിലും എത്തിയിട്ടുള്ളത്. യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി അടുത്തിടെ ചുമതലയേറ്റ അവര്‍ക്ക് സി.ഐ.എയും എഫ്.ബി.ഐയും എന്‍.എസ്.എയുമടക്കം 18 അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ട ചുമതലയാണുള്ളത്. യു.എസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസിയായ ഗബാര്‍ഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍.
തുള്‍സി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഗബാര്‍ഡ് യഥാര്‍ഥത്തില്‍ അമേരിക്കക്കാരിയാണ്. അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഹിന്ദു പേരുകള്‍ നല്‍കി എന്നതാണ് അവരുടെ പേരിന് പിന്നിലെ കാര്യം.
Content Highlights: pm modi meets us intelligence chief tulsi gabbard gifts ganga water